ബേലൂർ മഗ്നയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ദൗത്യം പുനരാരംഭിച്ചു, പ്രദേശത്തെ സ്കൂളുകൾക്ക് അവധി
ബാവലി: മാനന്തവാടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊലയാളി ആന ബേലൂർ മഗ്നയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനം പുനരാരംഭിച്ചു.
ആന ഉൾവനത്തിലേക്ക് മാറിയതിനാൽ കഴിഞ്ഞ ദിവസം മയക്കുവെടിവച്ച് പിടികൂടാനായില്ല. അതേസമയം പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.
ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. കർണാടകം വനം വകുപ്പിൽനിന്ന് ലഭിച്ച റേഡിയോ കോളർ പാസ്വേഡ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ നാല് മുതൽ ആറ് മണിക്കൂർ വരെ ഇടവേളകളിലാണ് ലൊക്കേഷൻ ലഭ്യമാകുന്നത്.
ആന നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരുന്നത് ദൗത്യത്തിന് തടസ്സമുണ്ടാക്കി. ഞായർ പകൽ രണ്ട് തവണ റേഡിയോ കോളറിൽനിന്ന് സന്ദേശം ലഭിച്ചിരുന്നു.
ഇത് മനസ്സിലാക്കി വനം വകുപ്പ് മയക്കുവെടിക്കുള്ള തയ്യാറെടുപ്പും നടത്തി. എന്നാൽ ആന ഉൾക്കാട്ടിലേക്ക് നീങ്ങിയതും സമയം വൈകിയതും തടസ്സമായി.
ആനയെ കാട്ടിലേക്ക് തുരത്തിയാൽ വീണ്ടും ജനവാസമേഖലയിലേക്ക് മടങ്ങിയെത്തുമെന്നും ഇതിന് അവസരം നൽകരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കർണാടക വനത്തിലേക്ക് തുരത്തില്ലെന്നും മയക്കു വെടിവച്ച് പിടികൂടുമെന്നും ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പു നൽകി. ഞായർ പുലർച്ചെ ചേലൂർ മണ്ടുണ്ണി കോളനിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്.
പകൽ 11.45ന് ഒന്നര കിലോമീറ്റർ അകലെയുള്ള അപ്പപ്പാറ വളവിന് സമീപം ചെമ്പകപ്പാറയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. പകൽ 2.45ന് മയക്ക് വെടിവയ്ക്കാൻ ഒരുക്കം തുടങ്ങി.
2.50 മുതൽ കാട്ടിക്കുളം ബാവലി റോഡിലെ ആറ് കിലോമീറ്ററിൽ ഗതാഗതം നിരോധിച്ചു. നാല് കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിൽ തിരച്ചിലും നടത്തി.
ആന കർണാടകത്തിലേക്ക് കടക്കുന്നത് തടയാൻ ബാവലി പുഴയോട് ചേർന്നുള്ള വനത്തിൽ വനപാലകർ നിലയുറപ്പിച്ചിരുന്നു. എന്നാൽ സഞ്ചാരദിശ വീണ്ടും മാറിയതോടെയാണ് ദൗത്യം തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
വെടിയേറ്റാൽ മുത്തങ്ങ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. മാനന്തവാടി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിനെയാണ് ശനി രാവിലെ അയൽ വീട്ടുമുറ്റത്ത് കാട്ടാന കൊലപ്പെടുത്തിയത്.