രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കരുത്; മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കുമെന്ന് എംവിഡി കുറിപ്പിൽ പറഞ്ഞു.
വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും. കൂടാതെ നികുതി അടയ്ക്കേണ്ടതും പഴയ വാഹന ഉടമയുടെ ചുമതല തന്നെ ആയിരിക്കും.
ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ആർടി ഓഫീസിൽ അപേക്ഷ നൽകി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിക്കണമെന്ന് എംവിഡി കുറിപ്പിൽ വ്യക്തമാക്കി.
ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം ഉദ്യോഗസ്ഥൻ വാഹനം നിശ്ചിത തിയതിയിൽ പൊളിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി വാഹനത്തിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുമെന്നും എംവിഡി കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് - " വെറുതെ തൂക്കി വിൽക്കല്ലെ.... അവസാനം വെട്ടിലാവും".
പഴയ സാധനങ്ങൾ ഉണ്ടോ?...... പഴയ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പർ കൊടുക്കാനുണ്ടോ?...
വീടുകൾ തോറും ഇങ്ങനെ പഴയ സാധനങ്ങൾ എടുക്കുന്നതിനായി ചെറിയ ഗുഡ്സ് വാഹനങ്ങളുമായി വരുന്ന ആളുകളെ കാണാൻ കഴിയും. ഇത്തരക്കാർക്കോ മറ്റു ആക്രി കച്ചവടക്കാർക്കോ നമ്മുടെ വീട്ടിലുള്ള പഴയ തുരുമ്പ് പിടിച്ച വാഹനങ്ങൾ നിങ്ങൾ നൽകാറുണ്ടോ? തുച്ഛമായ വിലക്ക് ഇത്തരം വണ്ടികൾ നൽകുമ്പോൾ അതിൻ്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൃത്യമായി ക്യാൻസൽ ചെയ്തതിനു ശേഷമാണോ നിങ്ങൾ വിൽക്കാറുള്ളത്. ? സാധ്യത ഇല്ല അല്ലെ ?
മോട്ടോർ വാഹന നിയമപ്രകാരം നമ്മുടെ പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്ത് ആർസി ക്യാൻസൽ ചെയ്തില്ലെങ്കിൽ ഒരു പക്ഷേ നിങ്ങൾ വലിയ ഒരു പ്രശ്നത്തിലേക്ക് ചെന്ന് ചാടിയേക്കാം. നിങ്ങളുടെ ആ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനൽ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയിൽ നിങ്ങൾക്കായിരിക്കും. (വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും.) മാത്രമല്ല സമയാസമയത്ത് സർക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും.
ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസിൽ ഒരു അപേക്ഷ നൽകുക. സർക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കിൽ അവ ഒടുക്കി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിച്ച് ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം, ആ ഉദ്യോഗസ്ഥൻ പ്രസ്തുത വാഹനം ഈ തീയതിയിൽ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിൻ്റെ റെജിസ്ട്രേഷൻ ക്യാൻസൽ ആകും.