കോട്ടയത്ത് നാല് വീടുകളിൽ മോഷണ ശ്രമം
കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ 4 വീടുകളിൽ മോഷണശ്രമം. നാലു വീടുകളുടെയും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നത്.
ഇതിൽ രണ്ട് വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മങ്കി ക്യാപ്പ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾക്ക് 50 വയസിനടുത്ത് പ്രായവും, ഉയരക്കുറവുമാണെന്ന് വീടുകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
മറിയപ്പള്ളി ചെട്ടിക്കുന്ന് വാട്ടർടാങ്കിന് സമീപത്തെ താമസക്കാരായ അശ്വതി നിവാസിൽ പി.കെ സജിമോൾ, ആശാലയം വീട്ടിൽ രവീന്ദ്രൻ, തോട്ടുങ്കൽ ജയകുമാർ, ചേരിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ മൂന്നിനും 5.30നും ഇടയിലാണ് കവർച്ചാ ശ്രമം നടന്നത്.
അശ്വതി നിവാസിൻ്റെ പിൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മുറിയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു.
ഇത് മനസിലാക്കിയ കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആയുധം കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് കടന്നത്. ആശാലയം വീട്ടിൽ രവീന്ദ്രൻറെ കൊച്ചുമകൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഉത്തര കിടന്നിരുന്ന മുറിയിലാണ് കള്ളൻ കയറിയത്.
ശബ്ദം കേട്ട് ഉണർന്ന കുട്ടിയും ബഹളം വച്ചപ്പോഴാണ് മോഷ്ടാവ് ഇറങ്ങിയോടിയത്. ചേരിക്കൽ രവീന്ദ്രൻറെ അടുക്കള വാതിൽ അഗ്രം വളഞ്ഞ ഇരുമ്പ് കമ്പി വടി ഉപയോഗിച്ച് പാതി തുറന്ന നിലയിലാണ്.
വാതിലിൻറെ ഒരു കൊളുത്ത് അകത്തിയപ്പോൾ തന്നെ വീട്ടുകാർ ഉണർന്നതിനാലാണ് ഇവിടെയും മോഷണശ്രമം പരാജയപ്പെട്ടത്. എന്നാൽ പുലർച്ചെ മാത്രമാണ് അയൽപക്കങ്ങളിൽ നടന്ന മോഷണശ്രമം പരസ്പരം അറിഞ്ഞത്.
തുടർന്ന് ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി.