പത്തനംതിട്ട ജില്ലയിൽ നോളജ് മിഷനിൽ രജിസ്റ്റർ ചെയ്ത 48,000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് രൂപം നൽകി
പത്തനംതിട്ട: മൈഗ്രേഷൻ കോൺക്ലേവിന്റെ തുടർച്ചയായി ജില്ലയിൽ നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സിൽ രജിസ്റ്റർ ചെയ്ത 48,000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് രൂപം നൽകി.
വിദേശത്തും നാട്ടിലുമുള്ള തൊഴിൽദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരം കണ്ടെത്തി വേണ്ട പരിശീലനം നൽകുന്ന പരിപാടിയാണിതെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. റ്റി.എം തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയിൽ 5,704 പേർക്ക് കെ ഡിസ്ക്കിന്റെ സഹായത്തോടെ തൊഴിൽ കണ്ടെത്തി. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും കേരളത്തിലുമുള്ള തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടും.
അടുത്ത 5,000 പേർക്കുള്ള തൊഴിലവസരം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഡി.ഡബ്ല്യു.എം.എസിൽ(ഡിജിറ്റൽ വർക്കഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്ത ഏതൊരു ഉദ്യോഗാർഥിക്കും ജോലിക്ക് അപേക്ഷിക്കാം.
ഇതിന് അവരെ സഹായിക്കാൻ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഏതെങ്കിലും തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോബ് സ്റ്റേഷൻ തുടങ്ങും.
തൊഴിൽ അന്വേഷകർക്ക് മാർഗ നിർദ്ദേശം നൽകാൻ കരിയർ കൗൺസിലർമാരും സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കും.
ഉദ്യോഗാർഥികൾക്ക് ഓൺലൈനായോ ജോബ് സ്റ്റേഷനുകളിൽ നേരിട്ടോ അപേക്ഷ നൽകാം. ആദ്യം വരുന്നവർക്ക് ആദ്യമെന്ന നിലയിലാകും പരിഗണിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും ചെയ്യാം.
ആഴ്ച തോറും ഉദ്യോഗാർഥികളെ തൊഴിലും നൈപുണ്യ അടിസ്ഥാനത്തിനുള്ള ഗ്രൂപ്പുകളായി തിരിച്ച് ജില്ലാ ശില്പശാലകളിലേക്ക് ക്ഷണിക്കും. തൊഴിൽ അന്വേഷകരുടെ പ്രാപ്തിയും നൈപുണ്യ വിടവും ഇവിടെ വിലയിരുത്തും.
ഇതിന്റെ അടിസ്ഥാനത്തിൽ നൈപുണ്യ കോഴ്സിന് ശുപാർശ നൽകും. പരിശീലന കേന്ദ്രങ്ങൾ ജില്ലയിലോ ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിന് പുറത്തോ ആകാം. ചിലപ്പോൾ തൊഴിൽ ദാതാക്കൾ തന്നെ പരിശീലനം നൽകും.
കൂടുതൽ വിവരങ്ങൾ മൈഗ്രേഷൻ കോൺക്ലേവിന്റെ വെബ്സൈറ്റിലും(www.migrationconclave.com) നോളജ് മിഷൻ വെബ്സൈറ്റിലും(https://knowledgemission.kerala.gov.in) ലഭ്യമാണ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കും. പരിശീലന ചെലവ് ഉദ്യോഗാർഥി വഹിക്കണം.
ഫീസിന്റെ അമ്പത് ശതമാനം സബ്സിഡിയായി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പരിശീലനം സൗജന്യമാണ്.
മൈഗ്രേഷൻ കോൺക്ലേവ് സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കൺവീനർ എ പത്മകുമാർ, അക്കാദമിക് സമിതി കൺവീനർ ഡോ. റാണി ആർ നായർ, വി.എസ് ചന്ദ്രശേഖരൻ പിള്ള പഠനഗവേഷണ കേന്ദ്രം സെക്രട്ടറി പി.ബി ഹർഷകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.