കണ്ണൂരിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
കണ്ണൂര്‍: പഴയങ്ങാടി പാലത്തില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച്ച പുലര്‍ച്ച ഒന്നരയോടെയായിരുന്നു അപകടം. മാംഗ്ലൂരില്‍ നിന്ന് പാചക വാതകവുമായി മലപ്പുറത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗതയിലായിരുന്ന ടാങ്കര്‍ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിച്ചു. കോഴിക്കോട് ബന്ധുവീട്ടില്‍ പോയി തിരിച്ച് വരുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.
ലോറിയുടെ വരവില്‍ പന്തികേട് തോന്നിയ ട്രാവലര്‍ ഡ്രൈവര്‍ പാലത്തിന്റെ കൈവരിയോട് ചേര്‍ത്ത് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാവലറിന്റെ ബോണറ്റിന് മുകളിലേക്കാണ് ടാങ്കര്‍ വീണത്.
മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന കാറിലും ഇടിച്ചിരുന്നു. ട്രാവലര്‍ യാത്രികര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടി.
ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി പ്രശാന്ത് കുമാര്‍ (40) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഉച്ചയോടെ മംഗളൂരുവില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.
വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ ഭീഷണി ഇല്ല.പഴയങ്ങാടി,പയ്യന്നൂര്‍, പെരിങ്ങോം, പരിയാരം, കണ്ണപുരം പൊലീസ് സംഘവും വിവിധ യൂണിറ്റുകളിലെ അഗ്നി രക്ഷാ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.