പട്ടികജാതി വികസനത്തിനായി 2979 കോടി
തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.
പട്ടിക ജാതി വികസനത്തിന് 2976 കോടി രൂപയും പട്ടിക വർഗ വികസനത്തിന് 859 കോടിയും വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് 50 കോടിയും മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് 57 കോടിയും നീക്കിവെച്ചു.
പാലക്കാട് മെഡിക്കൽ കോളജിന് 50 കോടിയും പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന സഹായമായി 150 കോടിയും അനുവദിച്ചു.
തൊഴിൽ നൈപുണ്യ വികസന പരിപാടികൾക്കായി 55 കോടിയും പഠനമുറികളുടെ നിർമാണത്തിന് 226 കോടി രൂപയും വകയരുത്തി.
ഭൂരഹിതരായ പട്ടിക ജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് ആവശ്യമായ ഭൂമി വാങ്ങുന്നതിന് 170 കോടി രൂപ വകയിരുത്തി.
ഈ പദ്ധതിയിലൂടെ 5000 ഭൂരഹിത പട്ടികജാതി കൂടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും സഹായവും നൽകുന്ന പദ്ധതികൾക്കായുള്ള വിഹിതം കഴിഞ്ഞ വർഷത്തെ വിഹിതമായ 8.75 കോടി രൂപയിൽ നിന്ന് 9.25 കോടി രൂപയായി വർദ്ധിപ്പിച്ചു.
പട്ടിക വർഗ്ഗ വിഭാഗക്കാർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികൾക്കായി 32.10 കോടി രൂപ വകയിരുത്തി.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 12 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.