രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് ജയം
വിശാഖപട്ടണം: അടിച്ചു തകർത്ത് ജയിക്കാൻ പദ്ധതിയിട്ട് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനത്തിലൂടെ വീഴ്ത്തി ഇന്ത്യ. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി.
106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292.
നാലാം ദിനം 67-1 എന്നനിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ റെഹാൻ അഹ്മദിനെ മടക്കി അക്ഷർ പട്ടേലാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഒലി പോപ്പിനെയും ജോ റൂട്ടിനെയും അശ്വിൻ മടക്കി. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലായി.
സ്കോർ 194-ൽ നിൽക്കേ സാക് ക്രോളിയും, ജോണി ബെയർസ്റ്റോയും മടങ്ങി. 73 റൺസെടുത്ത സാക് ക്രോളിയെ കുൽദീപ് യാദവ് പുറത്താക്കിയപ്പോൾ ബെയർസ്റ്റോയെ (26) ബുംറ മടക്കി.
സ്കോർ 220-ൽ നിൽക്കേ സ്റ്റോക്സും മടങ്ങി. 11 റൺസെടുത്ത താരം റൺഔട്ടായി. പിന്നീടിറങ്ങിയ ടോം ഹാർട്ലിയുമൊന്നിച്ച് ഫോക്സ് സ്കോർ 250-കടത്തി. ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇംഗ്ലീഷ് പട തോൽവി മണത്തു.
36 റൺസെടുത്ത ബെൻ ഫോക്സാണ് കൂടാരം കയറിയത്. പിന്നാലെ ക്രീസിലിറങ്ങിയ ഷൊയ്ബ് ബാഷിറും(0) വേഗത്തിൽ മടങ്ങി. മുകേഷ് കുമാറിനാണ് വിക്കറ്റ്.
പിന്നാലെ ടോം ഹാർലിയെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ. മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു.