മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു
മാനന്തവാടി: വയനാട്ടിലെ മാനന്തവാടി പട്ടണത്തെ ഒരുപകൽ മുഴുവൻ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂർ വനമേഖലയിൽ വച്ചാണ് ചരിഞ്ഞത്.
പുലർച്ചെയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം കാട്ടാനയെ വനമേഖലയിൽ തുറന്നുവിട്ടത്. ആനയെ പിടികൂടി ഇന്നലെ രാത്രി തന്നെ കർണാടകയ്ക്ക് കൈമാറിയിരുന്നു.
ആന ചരിഞ്ഞതായി വനംമന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തും. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കർണാടക വനംവകുപ്പും അറിയിച്ചു.
ഇന്നലെ രാത്രി പത്തോടെയായിരുന്നു മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആന ആംബുലൻസിൽ കയറ്റിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിലേക്ക് എത്തിച്ചത്.
ഒരു ദിവസം മുഴുവൻ മാനന്തവാടിയെ ഭീതിയിലാഴ്ത്തിയ കൊമ്പനെ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മയക്കുവെടി വയ്ക്കുന്നത്. ടൗണിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു ദൗത്യം.
കർണാടക ഹാസനിലെ സഹാറ എസ്റ്റേറ്റിൽനിന്ന് രണ്ടാഴ്ചമുമ്പ് പിടികൂടിയ ആനയായിരുന്നു ഇന്നലെ മാനന്തവാടി നഗരത്തിൽ എത്തിയത്.
കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച് മൂലഹള്ള വനത്തിൽ തുറന്നുവിട്ട ആനയായിരുന്നു ഇത്.
ഹാസനിലെ കാപ്പിത്തോട്ടത്തിൽ ശല്യമായതോടെയാണ് ആനയെ പിടികൂടിയത്. എസ്റ്റേറ്റ് നനക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾ പൊട്ടിച്ച് വെള്ളം കുടിക്കുന്നത് ശീലമാക്കിയതിനാൽ ഈ ആനയെ തണ്ണീർ എന്നാണ് പരിസരവാസികൾ വിളിച്ചിരുന്നത്.
തണ്ണീറിനെ കുങ്കി ആനകളെ ഉപയോഗിച്ചാണ് അന്ന് പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ പിടിപ്പിച്ച് ഉൾവനത്തിൽ വിട്ടു.
ഇവിടെ നിന്ന് ഇരുനൂറ് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാണ് തണ്ണീർ ഇന്നലെ മാനന്തവാടിയിലെത്തിയത്.