ചംപയ് സോറൻ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇ.ഡി അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ചംപയ് സോറൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്നു ചംപയ് സോറൻ. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സമയമായിരുന്നു ചംപയ് സോറൻ അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ആദിവാസികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ചംപയ് സോറന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
ഹേമന്ത് സോറന് തുടങ്ങിവച്ച എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ചംപയ് സോറന് പറഞ്ഞു.
ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് എം.എൽ.എ ആലംഗിർ ആലവും ആർ.ജെ.ഡി എം.എൽ.എ സത്യനാന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഇതിനിടെ ബി.ജെ.പി രാഷ്ട്രീയ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന് കാട്ടി 40ഓളം ഭരണപക്ഷ എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ നിലവിൽ ബി.ജെ.പിക്ക് സ്വാധീനം കുറവായതിനാൽ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഒരു പരിധിവരെ തടയാനാവുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാനത്തെ നേതാക്കൾക്കുള്ളത്.