രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: പ്രശസ്ത തമിഴ്നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്.
ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഞങ്ങളുടെ പാർട്ടിയായ തമിഴക വെട്രി കഴകം രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ നേരത്തെ ഏർപ്പെട്ടിരുന്നു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്.
രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു, താരം പറഞ്ഞു.
ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്, ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം മറുവശത്ത്.
നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഒരു ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ എല്ലാവരും, ആഗ്രഹിക്കുന്നു എന്നാണ് പാർട്ടി പ്രഖ്യാപിച്ചു കൊണ്ട് നടൻ്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാര തേടിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ചെന്നെെയിൽ ചേർന്ന ഫാൻസ് അസോസിയേഷനുകളുടെ പൊതുയോഗത്തിൽ കോളിവുഡിലെ മെഗാതാരത്തിന് പാർട്ടി രജിസ്റ്റർ ചെയ്യാനും അതിൻ്റെ അധ്യക്ഷനാകാനും പാർട്ടി നിയമങ്ങൾ തയ്യാറാക്കാനും യോഗം അനുമതി നൽകിയിരുന്നു.
2018ൽ തുത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു. തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിലും ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം മത്സരിച്ചിരുന്നു.