മാനന്തവാടിയിൽ ഇറങ്ങിയത് കർണ്ണാടക നാടുകടത്തിയ ഒറ്റയാൻ
കൽപറ്റ: മാനന്തവാടി ടൗണിൽ ഇറങ്ങിയത് നിരന്തര ശല്യം മൂലം കർണ്ണാടക വനം വകുപ്പ് നാടുകടത്തിയ ഒറ്റയാൻ. ഓപ്പറേഷന് ജംബോയെന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണ്.
പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
വനാതിർത്തിയിൽ നിന്നും പത്ത് കിലോ മീറ്ററോളം നഗരഭാഗത്തേക്ക് എത്തിയ ആനയുടെ കഴുത്തിൽ ഇപ്പോഴും റേഡിയോ കോളർ ഉണ്ട്. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
ആനയെ ജനുവരി 16നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു.
മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ആനയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. രാവിലെയാണ് പായോട്ട് കുന്ന് ഭാഗത്തെ ജനങ്ങൾ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ ആയിരുന്നു സഞ്ചാരം.
ഗ്രാമവാസികൾ ബഹളം വെച്ച് ഓടിക്കാൻ ശ്രമിച്ചതോടെ പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി സിവില്‍ സ്റ്റേഷന്, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി.