സാഹിബിന്റെ സ്മരണയിൽ അങ്കത്തട്ടുണരുന്നു
ചുട്ടുപൊള്ളുന്ന കുംഭച്ചൂടിനൊപ്പം മലപ്പുറത്തിന് ഇനി തെരഞ്ഞെടുപ്പു ചൂടുകൂടി. ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്. മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്നു നടക്കുന്ന മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ ഏറെ ശ്രദ്ധേയമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടി ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അല്ലെങ്കില്‍ പ്രതിപക്ഷം അങ്ങിനെയേ വിലയിരുത്തുകയുള്ളൂ. മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് സിപിഎമ്മിനെ സംബന്ധിച്ചേടത്തോളം പ്രതീക്ഷക്കൊന്നും വകയൊട്ടുമില്ല. എങ്കിലും പൊതു സമ്മതനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി നില മെച്ചപ്പെടുത്തേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. അല്ലെങ്കില്‍ അത് ഇടതുഭരണത്തിന്റെ പരാജയമായി പരാമര്‍ശിക്കപ്പെടും.
ഇടതു പാളയത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളുമൊന്നും എവിടെയുമെത്തിയിട്ടില്ല. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെ ക്രട്ടറിയേറ്റ് യോഗത്തില്‍ മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച വന്നെങ്കിലും വ്യക്തതയിലെത്താനായിട്ടില്ല. എന്നാല്‍ മണ്ഡലം കണ്‍വെന്‍ഷനുകളെല്ലാം പൂര്‍ത്തിയാക്കി സുസജ്ജമാണ് മുസ്ലീം ലീഗ് നേതൃത്വം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെതന്നെ മുന്നണിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവിക്കുകയും ചെയ്തു.
അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുന്ന പാര്‍ട്ടിയെന്ന ദുഷ്പേര് മുസ്ലീംലീഗിനു പണ്ടേ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ദോഷം പറയുകയല്ല… അതുതന്നെയല്ലെ ശരി? പൂക്കോയ തങ്ങളുടെയും, ബാഫഖി തങ്ങളുടെയും, ശിഹാബ് തങ്ങളുടെയുമൊക്കെ കാലത്തെ ലീഗിന്റെ പരമോന്നത അധികാര കേന്ദ്രങ്ങള്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്നു. ഇപ്പോഴും അതെ. ഇത്തരത്തിലുള്ള നിലപാടുകളും കീഴ്വഴക്കങ്ങളുമുള്ള പാര്‍ട്ടിയായതിനാല്‍ കേരളമെന്ന “ഠ’ വട്ടത്തില്‍ കിടന്ന് കളിക്കാനായിരുന്നു നാളിതുവരെ മുസ്ലീം ലീഗ് നേതാക്കള്‍ക്കു പ്രിയം. ദേശീയ തലത്തില്‍ സ്ഥാനമാനങ്ങള്‍ നല്കി കേരളമെന്ന അധികാര കേന്ദ്രത്തില്‍ നിന്ന് പടിയിറക്കപ്പെടുമോ എന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ഭയന്നിരുന്ന കാലവും വിദൂരമല്ല.
ഇ. അഹമ്മദ് യുപിഎ സര്‍ക്കാരില്‍ മന്ത്രിയാക്കപ്പെട്ടതോടെയാണ് ഇത്തരമൊരു നിലപാടുകള്‍ക്ക് മാറ്റം വന്നു തുടങ്ങിയത്. സത്യം പറയുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ ചവിട്ടിയൊതുക്കലിന്റെ ഭാഗം തന്നെയായിരുന്നു അഹമ്മദ് സാഹിബിന്റെ ദേശീയ നേതൃത്വത്തിലേക്കുള്ള കുടിയേറ്റവും. മുജ്ജന്മസുകൃതവും മുസ്ലീം ലീഗിന്റെ ഭാഗ്യവും എല്ലാം ഒത്തു ചേര്‍ന്നതോടെ മന്മോഹന് സിംഗ് മന്ത്രി സഭയില്‍ ഇ. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയാക്കപ്പെട്ടു. പിന്നീടങ്ങോട്ട് വച്ചടി കയറ്റമായിരുന്നു.
അഹമ്മദ് സാഹിബ് പയറ്റിത്തെളിഞ്ഞ ഇന്ദ്രപ്രസ്ഥം തന്നെയാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെയും ലക്ഷ്യം. കേരളമെന്ന “ഠ’ വട്ടം അതുകൊണ്ടു തന്നെ പാണ്ടിക്കടവത്ത് കുഞ്ഞാപ്പ വിടാനൊരുങ്ങുകയാണ്. നരേന്ദ്രമോദിക്കുശേഷം വീണ്ടും യുപിഎക്ക് ഒരു സുവര്‍ണകാലവും മുസ്ലീം ലീഗിന് ഒരു ഭാഗ്യകാലവും വന്നാലോ? ആകാശത്തോളം സ്വപ്നം കണ്ടോളൂ കുന്നോളം കിട്ടും എന്നാണല്ലോ? അതൊക്കെ എന്തായാലും വേങ്ങരയും നിയമസഭയും വിട്ട് മലപ്പുറവും അങ്ങ് ലോകസഭയുമാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യം വയ്ക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വരവുമൊക്കെ ഇതിന്റെ മുന്നോടിയാണ്.
സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെങ്കിലും അനുഭവം ഗുരുവാക്കി ഇത്തവണ മഹിളാരത്നങ്ങളെ മലപ്പുറത്ത് മത്സരിപ്പിക്കേണ്ട എന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം നില്‍ക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കാന്തപുരം സുന്നികള്‍ പോലും മറിച്ചു കുത്തിയത് മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു കൊണ്ടാണെന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് പകല്‍ പോലെ വ്യക്തമായതാണ്. സ്ത്രീകള്‍ അധികാര സ്ഥാനങ്ങളിലേക്കു വരേണ്ടന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമുള്ള നിലപാടെടുക്കുന്നവാരാണ് എപി സുന്നികള്‍.
ഇതൊക്കെ പറയുമെങ്കിലും മലപ്പുറത്ത് പി.കെ. സൈനബയ്ക്ക് എപി സുന്നി വോട്ടുകള്‍ വീഴുമെന്നു തന്നെയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ നേതൃത്വം കാലാകാലങ്ങളില്‍ പുലര്‍ത്തിപ്പോന്ന സ്ത്രീ വുരുദ്ധ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് അരിവാള്‍ സുന്നികളെല്ലാം അഹമ്മദിന് നിരത്തി വോട്ടുകുത്തി. ഫലം വന്നപ്പോള്‍ ഭൂരിപക്ഷം കണ്ട് സാക്ഷാല്‍ അഹമ്മദ് സാഹിബുപോലും ഞെട്ടിപ്പോയത്രെ.
ഇകെ സുന്നി എന്നും ലീഗ് പാളയത്തില്‍ തന്നെയേ നിന്നിട്ടുള്ളൂ. നേരത്തെ ഇടത്തോട്ടും വലത്തോട്ടുമൊക്കെയായി നിലപാടെടുത്തിരുന്ന പോപ്പുലര്‍ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കുമമൊക്കെ ഇപ്പോള്‍ രഷ്ട്രീയ സംഘടനകളും മിക്കയിടത്തും സ്ഥാനാര്‍ഥികളുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ വീതംവച്ചെടുത്തത് 77,000 വോട്ടുകള്‍. ഇതില്‍ പല വോട്ടുകളും നേരത്തെ ഇടതു മുന്നണിക്ക് ലഭിച്ചിരുന്നതാണ്. ഇങ്ങനെ കാലവും നിലപാടും മാറിയ സാഹചര്യത്തില്‍ പലപ്പോഴും ചുവന്ന പാരമ്പര്യമുള്ള എപി സുന്നിയെന്ന അരിവാള്‍ സുന്നിയെ എന്തു വിലകൊടുത്തും മലപ്പുറം ഉപ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കും. കാന്തപുരം ഉസ്താദ് അഥവാ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ഇക്കുറി എന്തു നിലപാടെടുക്കുമെന്നു കാത്തിരുന്നു തന്നെ കാണണം.
റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ മലപ്പുറത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദിന് ലഭിച്ചത്. 1,94,739 വോട്ട്. 4, 37,723 വോട്ട് ഇ. അഹമ്മദിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. സൈനബയ്ക്ക് ലഭിച്ചത് 2, 42,984 വോട്ട്. ബിജെപിയിലെ എന്‍. ശ്രീപ്രകാശ് 64,705 വോട്ടും , എസ്ഡിപിഐയുടെ നാസറുദ്ദീന്‍ എളമരം 47,853 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പി. ഇസ്മായില്‍ 29,216 വോട്ടും നേടി.
മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മലപ്പുറം ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഏഴു മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത് മുസ്ലീംലീഗ് സ്ഥാനാര്‍ഥികള്‍ തന്നെയാണ്. എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഭുരിപക്ഷം ലീഗിന് കുറയുന്നതാണ് 2016ല്‍ കണ്ടത്. കൊണ്ടോട്ടിയില്‍ ടി.വി. ഇബ്രാഹിമിന് 2011നേക്കാള്‍ 17,495 വോട്ടിന്റെയും, മഞ്ചേരിയില്‍ എം. ഉമ്മറിന് 9463 വോട്ടിന്റെയും പെ രിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിക്ക് 9463 വോട്ടിന്റെയും മങ്കടയില്‍ ടി.എ. അഹമ്മദ് കബീറിന് 22,085 വോട്ടിന്റെയും മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുള്ളക്ക് 8836 വോട്ടും വള്ളിക്കുന്നില്‍ പി. അബ്ദള്‍ ഹമീദിന് 5512 വോട്ടും കുറഞ്ഞു. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് കാര്യമായ വോട്ടുചോര്‍ച്ച ഇല്ലാതിരുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 130 വോട്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് കുറഞ്ഞത്.