തല ഉയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: തെറ്റ് ചെയ്തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല, തെറ്റായ ആരോപണങ്ങൾ കേൾക്കുമ്പോഴും ഉള്ളാലെ ചിരിച്ച് ഉറങ്ങാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി.
അത് ഈ കൈകൾ ശുദ്ധമായതു കൊണ്ടു തന്നെയാണ്. അഹംഭാവം പറച്ചിലല്ല, ആരുടെ മുന്നിലും അൽപ്പം തലയുയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്.
തനിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നേരത്തേ ഭാര്യയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഇപ്പോൾ മകളെക്കുറിച്ചാക്കി. ഭാര്യ സർവീസിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയാണ് മകൾക്ക് ബംഗളൂരുവിൽ കമ്പനി തുടങ്ങാൻ നൽകിയത്.
അതുകൊണ്ട് ആരോപണങ്ങളൊന്നും കേട്ടാൽ കുലുങ്ങില്ല. മുമ്പ് പറഞ്ഞ കാര്യങ്ങൾ അവരിൽ ചിലരെങ്കിലും മറന്നിട്ടുണ്ടാകില്ല. സിംഗപ്പുർ യാത്ര, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരംപോലുള്ള വീട്, ഏതുസ്ഥലം കണ്ടാലും അതെല്ലാം തന്റേതാണ് എന്നൊക്കെയായിരുന്നു പ്രചാരണം.
ഭരണപക്ഷത്തിന്റെ നേതാവായതു കൊണ്ടാണ് തന്നെ ഇകഴ്ത്തിക്കാണിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്. അത് അവരുടെ രാഷ്ട്രീയ ആവശ്യമാണ്. അവയൊക്കെ ജനം സ്വീകരിക്കുന്നുണ്ടോ ഇല്ലയോയെന്ന് കാലം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.