ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു
കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻ നേതൃത്വത്തിൽ തയ്യാറാക്കിയ ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു.
കരിമണ്ണൂർ പൊലീസ് എസ്.എച്ച്.ഒ റ്റി.വി ധനഞ്ജയദാസ് പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി ആദ്യ കോപ്പി ഏറ്റു വാങ്ങി. അസോസ്സിയേഷൻ പ്രസിഡന്റ് പ്രൊഫ. ലൂയിസ് പാറത്താഴം അധ്യക്ഷത വഹിച്ചു.
പി.വി ഡാമിയേൻ, മാത്യു തോമസ്, കെ.ആർ പ്രദീപ്, കെ.വി ദേവസ്യ, കെ.വി ജോസഫ്, ജോയി പറയന്നിലം, പി.ഇ ബേബി, ജോഷി മാത്യു, എൻ.കെ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ആന്റണി നെല്ലാനിക്കാട്ട്, ഗബ്രിയേൽ കുര്യാക്കോസ്, ശ്രീദേവീ എൻ നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്റ് പി.എൻ വിശ്വനാഥൻ സ്വാഗതവും കെ.എസ് ജോസ് നന്ദിയും പറഞ്ഞു.
കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ വ്യാപര സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും ബാങ്കുകളുടെയും ഉൾപ്പെടെ പ്രധാന ടെലഫോൺ നമ്പറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ, ഇലക്ട്രീഷ്യൻ മുതൽ തെങ്ങുകയറ്റം ഉൾപ്പെടെ വിവിധ ജോലികൾ ചെയ്യുന്നവരുടെയും നമ്പറുകൾ ഡയറക്ടറിയിലുണ്ട്.
വീടുകളിൽ കഴിയുന്ന പ്രായമായവർക്ക് ഏറെ ഉപകരിക്കുന്ന നിരവധി ടെലഫോൺ നമ്പറുകളും ഡയറക്ടറിയുടെ സവിശേഷതയാണ്.