പാലക്കാട് ഡിവിഷനിൽ 2023ൽ മരിച്ചത് 541 ആളുകൾ, പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നു, അടിയന്തര നടപടിയുമായി റെയിൽവേ
കോഴിക്കോട്: റെയിൽവേ ട്രാക്കുകൾ മറികടന്നുള്ള പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നതിന് വിശദീകരണവുമായി ദക്ഷിണ റെയിൽവേ.
പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിലെ അപകട മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നതാണ് അടിയന്തര നടപടിക്ക് കാരണമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
റെയിൽപ്പാളങ്ങളിൽ മനുഷ്യരും കന്നുകാലികളും അപകടത്തിൽപ്പെടുന്നത് വർധിച്ചതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 2021ൽ ഡിവിഷനിൽ 292 മരണങ്ങൾ റിപ്പോർട്ട് ചെയ്തിടത്ത് 2022ൽ 494ഉം 2023ൽ 541ഉം ആയി ഉയർന്നു. 2024 ജനുവരിയിൽ മാത്രം 28 മരണങ്ങളുണ്ടായി.
റെയിൽവേ ട്രാക്കിലൂടെയുള്ള അശ്രദ്ധ യാത്രയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. 2021ൽ 171 മരണങ്ങൾ ഇത്തരത്തിൽ സംഭവിച്ചതാണ്. 2022ൽ ഇത് 245ഉം 2023ൽ 268ഉം ആയി.
ആത്മഹത്യക്ക് റെയിൽപ്പാളങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണതയും വർധിക്കുന്നു. 2021ൽ 44പേർ ആത്മഹത്യ ചെയ്തത് 2022ൽ 63ഉം 2023ൽ 67ഉം ആയി.
കന്നുകാലികൾ റെയിൽവേ ട്രാക്കുകളിൽ അലക്ഷ്യമായി മേയാനെത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. കന്നുകാലികൾ ട്രാക്കിൽ കടന്നതിന്റെ ഭാഗമായി പാസഞ്ചർ ട്രെയിൻ പാളം തെറ്റിയിരുന്നു.
പുതുവത്സര ദിനത്തിൽ വെള്ളയിൽ റെയിൽവേ ട്രാക്കിൽ ബൈക്കുമായി പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചിരുന്നു.
തുടർന്ന് ഈ ഭാഗങ്ങളിലെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വഴികളെല്ലാം റെയിൽവേ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.