ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ.
മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല.
ഭക്ഷണം പാഴ്സലായി വിൽപ്പന നടത്തുന്നവർ, പാഴ്സൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഫുഡ് സേഫ്റ്റി ലൈസൻസ്, തൊഴിലാളികൾക്ക് ലേബർ കാർഡ് എന്നിവ ഭക്ഷണശാലകളുടെ ഉടമകൾ ഉറപ്പാക്കണം. ജലഗുണനിലവാരം ഇല്ലാത്ത ഹോട്ടലുകളുടെ ലൈസൻസ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യും.
ഗുണനിലവാരം പുലർത്തുന്ന ഹോട്ടലുകളുടെ വിവരങ്ങൾ സർക്കാറിന്റെ " ഈറ്റ്-റൈറ്റ് " മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തും. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവഴി അറിയാനാകും. നിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിൽ ലഭ്യമാണ്.
വിവിധ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷമാണ് ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗ് കടകൾക്ക് നൽകിയിട്ടുള്ളത്. പരാതി പരിഹാര സംവിധാനമായ വെബ് പോർട്ടലുമായി ആപ്പിനെ ലിങ്ക് ചെയ്തിട്ടുണ്ട്.
സ്കൂളുകൾക്ക് സമീപം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകളിൽ പരിശോധന നടത്താൻ പ്രതെയ്ക സ്ക്വാഡ് രൂപീകരിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം കുടിവെള്ള പരിശോധന കർശനമാക്കുവാനും, ഉത്സവ, പെരുന്നാൾ സ്ഥലങ്ങളിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ഭക്ഷ്യ സ്റ്റോളുകളിൽ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലകളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടയുടമകൾക്ക് ബോധവൽക്കരണ ക്ലാസ് നടത്താൻ കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ജോസ് ലോറൻസ്, ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ ഡോ. രാകേന്ദു എം, ജില്ലാ സപ്ലൈ ഓഫീസർ സജിമോൻ കെ.പി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.