ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുമതത്തിന് ഭീഷണിയാണെന്ന് കവി അശോക് വാജ്പേയ്
തൃശൂർ: ആർ.എസ്.എസും ബി.ജെ.പിയും യഥാർഥ ഹിന്ദുമതത്തിനും വിശ്വാസത്തിനും ഭീഷണിയാണെന്ന് ഹിന്ദി കവി അശോക് വാജ്പേയ്. ഹിന്ദു പ്രത്യയ ശാസ്ത്രത്തെ പല വൈരുധ്യങ്ങളിലേക്കും എത്തിക്കുകയാണ് ഈ ശക്തികൾ.
താഴ്ന്ന ജാതിയിൽപ്പെട്ടവർ ഇവരുടെ ഹിന്ദുത്വത്തിന് പുറത്താണ് – സാർവദേശീയ സാഹിത്യോത്സവത്തിൽ ഇന്ത്യയെന്ന ആശയമെന്ന വിഷയംഅവതരിപ്പിച്ച് അശോക് വാജ്പേയ് പറഞ്ഞു.
ഹിന്ദുക്കൾക്കിടയിലെ തീവ്രഹിന്ദു സങ്കൽപ്പം ഉള്ളവരാണ് ഹിന്ദുമതത്തിന് ഭീഷണിയാകുന്നത്. ഗാന്ധിജിയെ വകവരുത്തിയത് ഇതിന് തെളിവാണ്.
ബഹുസ്വര രാജ്യമായ ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണ്. എന്നാൽ ബഹുസ്വരത തകർത്ത് ഹിന്ദുരാഷ്ട്രമാക്കി മാറ്റി ഏകീകൃത രൂപം നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമങ്ങൾക്കിടയിൽ അപരനെ വെറുക്കുന്ന അവസ്ഥയും സൃഷ്ടിക്കുന്നു.
അപരവിദ്വേഷത്തിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ സാഹിത്യത്തിനേ സാധിക്കൂ. കലകളിലൂടെ പോരാടാനാണ് നാം ശ്രമിക്കേണ്ടത്. പേടിക്കാതെ പ്രതികരിക്കാൻ കലാകാരന്മാർ തയ്യാറാകണം.
പരമ്പരാഗത മൂല്യങ്ങളെ ഇല്ലാതാക്കിയാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. പാർലമെന്റിൽ സന്യാസിമാർ പൂജചെയ്യുന്നതും രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതും വലിയ സൂചനകളാണ്.
രാജ്യത്തിന്റെ ദീപ്സതംഭമായ മഹാത്മാഗാന്ധിയെ വിസ്മൃതമാക്കാനുള്ള ബോധപൂർവ ഇടപെടലുകളാണ് നടക്കുന്നത്. എന്നാൽ, ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ആവർത്തിച്ച് ഓർത്തെടുക്കേണ്ട സമയമാണിന്നെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ മോഡറേറ്ററായി.