പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയ യു.ഡി.എഫിനെ എഴുന്നേറ്റ് നിന്ന് ആദരിക്കണം: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയതിന് എല്ലാവരും എഴുന്നേറ്റ് നിന്ന് യുഡിഎഫിന് ആദരവര്പ്പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ ഗുരുതര വെളിപ്പെടുത്തലിനെക്കുറിച്ചും കടകംപള്ളി ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രിയും ധനകാര്യ കമ്മിഷന് ചെയര്മാന് വൈ.വി റെഡ്ഡിയും നടത്തിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ബി.വി.ആര് സുബ്രഹ്മണ്യമാണെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
13ാം ധനകമ്മീഷന് കാലത്ത് 32 ശതമാനമായിരുന്ന സംസ്ഥാന വിഹിതം 14ാം ധനകാര്യ കമ്മിഷന് 42 ശതമാനമായി ഉയര്‍ത്തുമെന്ന സ്ഥിതി വരുമ്പോഴാണ് സംസ്ഥാനങ്ങളുടെ നികുതി വിഹിതം നികുതികളായും ഗ്രാന്റുകളായും നമുക്ക് ലഭിക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി തന്നെ പിന്‍വാതില്‍ വഴി ഇടപെട്ടത് സംബന്ധിച്ച വെളിപ്പെടുത്തലാണ് ഉണ്ടായതെന്ന് കടകംപള്ളി പറഞ്ഞു.
എല്ലാ തരത്തിലും കേരളത്തോട് ശത്രുതാപരമായ സമീപനം കാണിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കുന്നതിനുള്ള ഉപായമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്നും കേന്ദ്രത്തന്റെ ഈ നിലപാടിനെതിരെ നടക്കുന്ന പോരാട്ടങ്ങളിലും സമരങ്ങളിലും അണിചേരാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഈ പ്രമേയം ചില്ലിട്ടുവയ്ക്കണം. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രത്തിനെതിരെയുള്ള ഇവരുടെ മിണ്ടാട്ടം വീണ്ടും മുട്ടും.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നതല്ലാതെ അതിന് ഉത്തരവാദികളായവരെപ്പറ്റി ഇവര്‍ സംസാരിക്കുന്നില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി.