നികുതി വെട്ടിപ്പ് തടയാൻ ശക്തമായ നടപടി; ധനമന്ത്രി
തിരുവനന്തപുരം: നികുതി വെട്ടിപ്പ് തടയാനും അത് കണ്ടെത്താനും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി നിരുതി തിരിച്ചു പിടിച്ചു.
ഈ സാമ്പത്തിക വർഷം 1590 കോടി(ഏപ്രിൽ മുതൽ ഡിസംബർ വരെ) നികുതി വെട്ടിപ്പ് തിരിച്ചു പിടിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷം 210 കേസുകളാണ് നികുതി വെട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐ.ജി.എസ്.റ്റിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി തന്നെ ഇടപെടുന്നുണ്ട്. കിട്ടാനുള്ളത്, കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുമുണ്ടെന്നും അദ്ദഹം അറിയിച്ചു.
ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിലും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതും പരിഹരിച്ച് തന്നെ മുന്നോട്ടുപോകും. ഐജിഎസ്ടിയുടെ കാര്യത്തിൽ എത്ര നഷ്ടം വരുമെന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കലില്ല.
ഏകപക്ഷീയമായാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്. എല്ലാ സംസ്ഥാനത്തേയും അത് കൃത്യമായി ബാധിക്കുന്നു. നികുതി വർധിപ്പിക്കാൻ കേരളത്തിന് മാത്രമായി അവകാശമില്ല.ജിഎസ്ടി കൗൺസിലിനാണ് അതിന് അധികാരമുള്ളത്.
ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിന് സംസ്ഥാനത്തന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷം കൊണ്ട് നാലായിരത്തോളം കോടിരൂപ നികുതി ശേഖരിച്ചു.
ചരിത്രത്തിൽ ഏറ്റവും വലിയ നികുതി ശേഖരണമാണിത്. സംസ്ഥാനത്തിന് അർഹമായ പണം വെട്ടിക്കുറക്കാനുള്ള ശ്രമം പലവിധത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
സാമ്പത്തിക ഞെരുക്കം വല്ലാതെ ബാധിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങളെയെല്ലാം അത് തുരങ്കം വയ്ക്കുന്നവിധത്തിലേക്ക് മാറുന്നുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. യു.ഡി.എഫിന്റെ ഭാഗത്ത് നിന്നും അത്തരമൊരു സമീപനം ഉണ്ടാകണം.
ജി.എസ്.റ്റി കൊണ്ടുവരാൻ ശക്തമായി നിന്നത് കോൺഗ്രസാണ്. അത് കോൺഗ്രസിന്റെ കുഞ്ഞാണെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
കടം കൃത്യമായി തന്നെ തിരിച്ചടക്കുന്നുണ്ട്. ട്രഷറിയിൽ ചെറിയ നിയന്ത്രണമുണ്ട്. കിട്ടാനുള്ള പണം കൃത്യമായി ലഭിച്ചാൽ ട്രഷറി നിയന്ത്രണം അവസാനിപ്പിക്കാനാകും.
ഇനിയും സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നാൽ സമരവുമായി തന്നെ മുന്നോട്ടു പോകുമെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.