പി.സി ജോർജ് ബി.ജെ.പിയിലേക്കെന്ന് സൂചന
തിരുവനന്തപുരം: പി.സി ജോർജ് ബി.ജെ.പിയിലേക്കെന്ന് സൂചന. തന്റെ പാർട്ടിയായ ജനപക്ഷം പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇന്ന് ഡൽഹിയിൽ കേന്ദ്ര ബി.ജെ.പി നേതാക്കളുമായി പി.സി ജോർജ് ഇത് സംബന്ധിച്ച ചർച്ച നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകും.
പാർട്ടി അംഗത്വം പി.സി ജോർജ് എടുക്കണമെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം.
കേരളത്തിൽ ഇടത് വലത് മുന്നണികളിൽ ചേക്കേറാൻ പല തവണ ശ്രമിച്ചെങ്കിലും ഇരുമുന്നണികളും പി.സിയെ അടുപ്പിച്ചിരുന്നില്ല. തുടർന്ന് ബി.ജെ.പിയുമായി ഒരുവർഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു.
ഘടക കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്കൊപ്പം നിൽക്കാനായിരുന്നു ജനപക്ഷം തീരുമാനിച്ചിരുന്നത്. എന്നാൽ, അത്തരം തീരുമാനത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം ശക്തമായി എതിർത്തു
ഇത്തരം രീതി ആവശ്യമില്ലെന്ന് കേന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മുന്നണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണമെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബി.ജെ.പി എതിർത്തത്.
തുടർന്ന് ബി.ജെ.പി അംഗത്വം തന്നെ എടുത്ത് ബിജെപിയായി പ്രവർത്തിച്ചാൽ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജനപക്ഷ പാർട്ടി ഒന്നടങ്കം ബി.ജെ.പിയിലേക്ക് ലയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് കൂടിയുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് പിസി ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒപ്പം തന്നെ പത്തനംതിട്ട സീറ്റ് നേരത്തെ തന്നെ ലക്ഷ്യമിട്ട പി.സി, ഇനി ബി.ജെ.പി സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കാനും സാധ്യത
യേറി.