ഗാസയിലേക്കുള്ള ജീവകാരുണ്യ സഹായവും മുടക്കുന്നു
ഗാസ സിറ്റി: ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കിടെ അവശേഷിക്കുന്ന ജീവകാരുണ്യ സഹായം പോലും നിലക്കുമെന്ന ആശങ്കയിൽ ഗാസ.
ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്കുള്ള ധനസഹായം ബ്രിട്ടൻ നിർത്തി.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർക്ക് പങ്കുണ്ടെന്ന ഇസ്രയേൽ ആരോപണത്തിന് പിന്നാലെയാണ് ധനസഹായം നിർത്തൽ.
വിഷയത്തിൽ ഏജൻസി അന്വേഷണം നടന്നുവരികയാണ്. ഗാസയെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. നേരത്തേ അമേരിക്ക, ഓസ്ട്രേലിയ, ഇറ്റലി, ക്യാനഡ, ഫിൻലാൻഡ്, നെതർലാൻഡ്, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളും ഫണ്ട് നൽകുന്നത് നിർത്തിയിരുന്നു.
പലസ്തീന് പ്രധാനമായും സഹായമെത്തിക്കുന്ന ഏജൻസിക്കുള്ള ധനസഹായം നിലക്കുന്നതോടെ ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിച്ചു.
2022ലെ കണക്കുകൾ പ്രകാരം ഏജൻസിക്ക് ലഭിക്കുന്ന ധനസഹായത്തിൽ പകുതിയിലധികം നൽകുന്നത് ഈ രാജ്യങ്ങളാണ്. ഗാസയിലെ 23 ലക്ഷം ആളുകളിൽ 20 ലക്ഷം പേരും ഏജൻസിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ഏജൻസിക്കുള്ള ഫണ്ട് നിർത്താനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്ന് കമീഷണർ ജനറൽ ഫിലിപ്പി ലാസ്സറിനി പ്രതികരിച്ചു. പലസ്തീൻ ജനതയ്ക്കുമേലുള്ള സംഘടിത ശിക്ഷയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം പുനരാരംഭിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 12 ജീവനക്കാരിൽ ഒമ്പത് പേരെ ഉടൻ പിരിച്ചുവിട്ടു.
ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.