മോദിയുടെ ഗ്യാരൻ്റി പുതിയ കേരളം, എൻ.ഡി.എ പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിൽ
തൊടുപുഴ: മോദിയുടെ ഗ്യാരൻ്റി പുതിയ കേരളമെന്ന മുദ്രാവാക്യവുമായി കാസർകോഡ് നിന്നും എൻ.ഡി.എ പദയാത്ര ആരംഭിച്ചു. സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിലെത്തും.
ദേശീയ രാഷ്ട്രീയത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമായി നടക്കുന്ന സംഭവ വികാസങ്ങളോടെ ഇത്തവണ 400 കടക്കുമെന്ന ലക്ഷ്യത്തോടെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ശേഷം ആരംഭിച്ച പദയാത്രക്ക് ഉജ്വല വരവേൽപ് നൽകുവാനുള്ള പ്രവർത്തനത്തിലാണ് ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സംഖ്യത്തിൻ്റെ പ്രവർത്തകർ.
പരിപാടിയുടെ വിജയത്തിനായി തൊടുപുഴയിൽ ചേർന്ന യോഗത്തിൽ വച്ച് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഇതേ പോലെ താഴെ ഘടകങ്ങളിലും സ്വാഗത സംഘങ്ങൾ രൂപീകരിക്കും.
എൻ.ഡി.എ ഇടുക്കി ജില്ലാ ചെയർമാൻ സി സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ.ഡി രമേശ് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ലോക്സഭാ ഇൻചാർജ് എൻ ഹരി വിശദീകരണം നടത്തി.
ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടരി ഷൈൻ കെ കൃഷ്ണൻ, ആർ.എൽ.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി റ്റി അനിത, കാമരാജ്, കോൺഗ്രസ്സ് സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് എം.എ അലി, ജെ.ആർ.പി സംസ്ഥാന ട്രഷറർ ജോൺസൻ, സോഷ്യലിസ്റ്റ് ജനതാദൾ മേഖലാ കൺവീനർ പത്മകൃഷ്ണ അയ്യർ, ആർ.എൽ.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിപ്രസാദ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്
കാരാങ്കൽ ബാബു എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ സുരേഷ് സ്വാഗതവും വി.എസ് രതീഷ് നന്ദിയും രേഖപ്പെടുത്തി.