ജൂണ്‍ 30 മുതല്‍ മിക്ക ഫോണുകളിലും വാട്സാപ്പ് ലഭിക്കില്ല
ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്സാപ്പ് പ്രധാനപ്പെട്ട ചില സ്മാര്‍ട്ട്ഫോണുകളിലെ സേവനം നിര്‍ത്തുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സാപ്പ് നേരത്തെ സൂചന നല്‍കിയിരുന്നു. 2017 ജൂണ്‍ 30 മുതല്‍ വിന്‍ഡോസിന്റെ പഴയ ഫോണുകളില്‍ വാട്സാപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവര്‍ത്തിക്കില്ല.
വിന്‍ഡോസ് ഫോണുകള്‍ക്കു പുറമെ മറ്റു ചില ഫോണുകളും ലിസ്റ്റിലുണ്ട്. എന്നാല്‍ അത്ര പഴക്കമില്ലാത്ത വിന്‍ഡോസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റിലും പുതിയ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. വാട്സാപ്പിലെ പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്ത ഡിവൈസുകളാണ് ഉപേക്ഷിക്കുന്നത്.
വാട്സാപ്പ് പുതിയ ബീറ്റാ വേര്‍ഷന്‍ 2.17.86 ല്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം വിന്‍ഡോസ് 8.1, വിന്‍ഡോസ് 10 എന്നീ ഒഎസുകള്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. ഈ വാട്സാപ്പ് പതിപ്പിലെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ വിന്‍ഡോസിന്റെ പഴയ ഒഎസുകള്‍ക്ക് ശേഷിയില്ല.
സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്ബെറി, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ സേവനവും അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 2017 ജൂണ്‍ 30 വരെ സമയം നീട്ടുകയായിരുന്നു.
നിങ്ങളുടെ ഫോണില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല’ എന്ന സന്ദേശം സിംബിയാന്-ബ്ലാക്ബെറി ഉപയോക്താക്കള്‍ക്കു നേരത്തെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സിംബിയന്‍ നോക്കിയ ബ്ലാക്ക്ബെറി ഫോണുകളിലെ സേവനം വാട്സാപ്പ് അവസാനിപ്പിക്കുകയാണെന്ന് 2016 മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കൂടുതലും സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ഫോണുകള്‍ക്കും ബ്ലാക്ക്ബെറി 10 ഡിവൈസുകള്‍ക്കും വിന്‍ഡോസ് ഫോണുകള്‍ക്കുമാണ് തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്വെയര് അപ്ഡേഷന് ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സാപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് സിംബിയാന്-ബ്ലാക്ബെറി ഫോണുകള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. നോക്കിയ സിംബിയന്‍ ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം മാപ്സ്, മ്യൂസിക്, ഇമെയില്‍ ആപ്പുകള്‍ പോലെ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് വാട്സാപ്പ്. ഈ ഡിവൈസുകളില്‍ ലഭിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ ആശയവിനിമയ മാര്‍ഗവുമാണിത്. വാട്സാപ്പ് അടുത്തിടെ അവതരിപ്പിച്ച എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുന്നുണ്ട്.
2009 ല്‍ വാട്സാപ്പ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര് മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് 7.1, ഐഒഎസ് 6 പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പികുകളിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
നോക്കിയ ആശ 200,201.210, 302,306,305,308,310,311, 303, 311, നോക്കിയ 7110,7650,3600,3650,6600,6620,6630,5233, നോക്കിയ എന്‍ സീരിയസ്, ഇ സീരീസ് , സി സീരീസ് ഫോണുകള്‍ തുടങ്ങിയവയെല്ലാം എസ് 40-എസ് 60 എന്നീ സിംബിയാന് വേര്‍ഷനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ലെനോവ, എല്‍ജി, പാനാസോണിക്, സാംസങ്, സോണി എറിക്സണ് തുടങ്ങിയ കമ്പനികളുടെ ആദ്യകാല ഫോണുകള്‍ സിംബിയാനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.