സംവരണ ഓർഡിനൻസിന്റെ കരട് പുറത്തു വിട്ടു
മുംബൈ: മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്റെ കരട് പുറത്തു വിട്ടതിനു പിന്നാലെ മറാഠാ പ്രക്ഷോഭം അവസാനിപ്പിച്ച് പ്രക്ഷോഭകാരികൾ.
മറാഠക്കാർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന്റെ കരട് പുറത്തു വിട്ടതിനാൽ പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു.
ഇതോടെ നവി മുംബൈയിൽ പ്രക്ഷോഭകർ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നകതിനിടെ മറാഠാ പ്രക്ഷോഭം ശക്തമായത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
മഹാരാഷ്ട്രയുടെ മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച മറാഠാക്കാർ ഈയിടെയായി കൃഷി തകർച്ച മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
സംവരണം നടപ്പിലായാൽ വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയിലെല്ലാം മറാഠകൾക്ക് സംവരണം ലഭിക്കും. 2016 മുതലാണ് മറാഠകൾ സംവരണം ആവശ്യപ്പെട്ട് തുടങ്ങിയത്.
2018ൽ സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കി. സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് കണ്ടെത്തിയത്.
പുനഃപരിശോധന ഹർജിയും കോടതി തള്ളിയിരുന്നു. മറാഠാ സംവരണം ആവശ്യപ്പെട്ട് കൊണ്ട് ലക്ഷക്കണക്കിന് പ്രക്ഷോഭകരുമായാണ് മനോജ് ജാരൻഗെ പാട്ടീൽ മുംബൈയിലേക്ക് മാർച്ച് നടത്തിയത്.
ലോംഗ് മാർച്ച് അവസാനിപ്പിക്കാൻ മനോജ് ജാരൻഗെ പാട്ടീലിനോട് സർക്കാർ അഭ്യർഥിച്ചിരുന്നു. മറാഠാ ക്വാട്ടയ്ക്ക് അനുകൂലമായ പ്രമേയം സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കുമെന്ന് വാഗ്ദാനവും നൽകിയിരുന്നു.