നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി.
ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് റദ്ദാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെഡിയുവിനെയും പാളയത്തിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം.
എന്‍.ഡി.എയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബിഹാറില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ സജീവമായി.
നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ഉപാധികള്‍ ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്.
ഇവ അംഗീകരിച്ചാല്‍ നിതീഷ് കുമാര്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് ഞായറാഴ്ച തന്നെ ബി.ജെ.പി പിന്തുണയില്‍ പുതിയ സര്‍ക്കാരുണ്ടാക്കും. അതേസമയം, നിതീഷിനെതിരെ എന്‍.ഡി.എയിലും അതൃപ്തിയുണ്ട്.
നിതീഷിനെ സ്വീകരിക്കരുതെന്നാണ് എന്‍.ഡി.എയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. നിതീഷ് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണെന്ന് ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചിരുന്നു.