ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി
ഇടുക്കി: ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി.
രാജ്യം പ്രതികൂല ചുറ്റുപാടുകളെ അതിജീവിച്ച് വികസനപാതയിലൂടെ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസന രംഗത്ത് ജില്ലയുടെ പുരോഗതി എടുത്തു പറയേണ്ടതാണെന്നും മെഡിക്കൽ കോളേജുൾപ്പടെ എടുത്തുകാട്ടാൻ നിരവധി മാതൃകകളുണ്ടെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു.
വിവിധ പ്ലറ്റുണുകളിലായി 500 ഓളം പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്സൈസ്, ഫയർഫോഴ്സ്, എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ്, ഗൈഡ്സ് വകുപ്പുകളിലും വിഭാഗങ്ങളിലും ഉള്ളവരാണ് പങ്കെടുത്തത്.
കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആർ എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്കൂൾ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എൻ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാർഥികളും ഉമ്ടായിരുന്നു.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകൾ, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവ പരേഡിനാവശ്യമായ സജ്ജീകരണങ്ങൾ മൈതാനത്ത് ഒരുക്കിയിരുന്നു. ഹരിതചട്ടം പാലിച്ചു നടന്ന റിപ്പബ്ലിക് ദിനാഘോഷം വീക്ഷിക്കാൻ നൂറുകണക്കിന് പൊതുജനങ്ങളും എത്തിയിരുന്നു.