സാമ്പത്തിക പ്രതിസന്ധി, ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: കേന്ദ്ര നടപടികൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി.
കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ മുൻവിധി കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
തുടർന്ന് കേരളം സമർപ്പിച്ച ഒറിജിനൽ സ്യൂട്ടും ഇടക്കാല ഉത്തരവ് തേടിയുള്ള അപേക്ഷയും പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി പതിമൂന്നിലേക്ക് മാറ്റി.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾത്തന്നെ അടിയന്തരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു.
എന്നാൽ, അത്തരമൊരു സാഹചര്യമില്ലെന്ന് അറ്റോണിജനറൽ ആർ വെങ്കടരമണി വാദിച്ചു. ദേശീയ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയമാണിത്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും പരാതിയില്ലെന്നും എജി അവകാശപ്പെട്ടു.
നിരവധി സംസ്ഥാനങ്ങൾക്ക് ഗുരുതര പരാതിയുണ്ടെന്നും വരുംനാളുകളിൽ അവരും കോടതിയിലെത്തുമെന്നും സിബൽ പ്രതികരിച്ചു.
കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാർ മറുപടി നോട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും കോടതി പരിശോധിക്കണമെന്നും എ.ജി ആവശ്യപ്പെട്ടു.
തുടർന്ന് മറുപടി ഫയൽ ചെയ്യാൻ നിർദേശിച്ച സുപ്രീംകോടതി, ഇടക്കാല ഉത്തരവിൽ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റിന് മുമ്പ് കോടതി ഇടപെടണമെന്ന് കപിൽസിബൽ പറഞ്ഞെങ്കിലും ബജറ്റുമായി ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നായിരുന്നു എ.ജിയുടെ പ്രതികരണം.
തുടർന്ന് കേസ് ഫെബ്രുവരി 16ലേക്ക് മാറ്റുകയാണെന്ന് കോടതി പറഞ്ഞെങ്കിലും സിബലിന്റെ അഭ്യർഥന പരിഗണിച്ച് 13ന് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു.