സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരള മോഡല്‍ വികസനത്തിനായി സര്‍ക്കാര്‍ അടിയുറച്ച നിലപാട് സ്വീകരിച്ചു
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
കാലക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ വരുമാന പരിധി കടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കാലാകാലങ്ങളിലുള്ള ധനകാര്യ കമ്മീഷനുകളുടെ അവാര്‍ഡുകളില്‍ വരുന്ന സ്ഥായിയായ കുറവ് ശ്രദ്ധ പിടിച്ചുപറ്റേണ്ട വസ്തുതയാണ്.
പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വിഹിതം 3.88% ആണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ അത് കേവലം 1.92 ശതമാനമായി കുറഞ്ഞു.
ജി.എസ്.റ്റി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും, റവന്യൂ കമ്മീ ഗ്രാന്‍ഡില്‍ വന്ന കുറവും, സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തുള്ള കടമെടുപ്പില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു.
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനം നിര്‍ബന്ധമായിട്ടുണ്ട്.
ഭീകരമായ വെല്ലുവിളികളെ നേരിടുമ്പോഴും കേരള മോഡല്‍ വികസനത്തിനായി സര്‍ക്കാര്‍ അടിയുറച്ച നിലപാട് സ്വീകരിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അര്‍ഹതപ്പെട്ട ഗ്രാന്റും സഹായത്തിന്റെ വിഹിതവും തടഞ്ഞു വയ്ക്കുന്നതിനെ സര്‍ക്കാര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകര്‍ക്ക് അനുസൃതമല്ലാതെ മുന്‍കാല പ്രാബല്യത്തോടെ വായ്പ്പാപരിധി വെട്ടിക്കുറച്ചത് കാരണം സര്‍ക്കാരിനെ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടില്‍ അടിയന്തര പുനപരിശോധന ആവശ്യമാണ്.
എന്‍.സി.ഇ.ആര്.റ്റി നീക്കം ചെയ്ത പാഠഭാഗങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ട്. നീക്കം ചെയ്തവയില് മുഗള്‍ ചരിത്രവും ഇന്ത്യ വിഭജനവും, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്.
അതിനാല്‍ കുട്ടികളില്‍ യഥാര്‍ത്ഥ ചരിത്രപരവും സാമൂഹ്യവുമായ അവബോധം ഉറപ്പാക്കും. ഇതിനായി ഹ്യൂമാനിറ്റീസില്‍ കേരളം കൂടുതല്‍ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും നയപ്രഖ്യാപനത്തില്‍ കേരളം വ്യക്തമാക്കി.