വെള്ളരിങ്ങാട്ടു വീട്ടുകാർ മനസുവച്ചു; നെടിയകാട് ഇടവകയിൽ ഭവന നിർമ്മാണം മാതൃകയാവുന്നു, നാളെ അഞ്ചു ഭവന രഹിതർക്കു വീടുകൾ കൈമാറും
കരിങ്കുന്നം: സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീട് എന്നുള്ളത് നിരവധിപേർക്ക് ഒരു സ്വപ്നം മാത്രമാണ്. ഇന്ന് ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് വെള്ളരിങ്ങാട്ട് കുടുംബയോഗവും നെടിയകാട് സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റും.
എല്ലാവരെയും സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെടിയകാട് സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ആവിഷ്കരിച്ച ഒരു പദ്ധതി ആണ് "എല്ലാവർക്കും വീട് ". ആദ്യഘട്ടം എന്ന നിലയിൽ ഇരുപതോളം കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സൊസൈറ്റിക്ക് സാധിച്ചു.
ആദ്യഘട്ടത്തിൽ സ്ഥലം ഉള്ളവർക്ക് ആണ് വീട് നിർമ്മിച്ചത് നൽകിയത് എങ്കിൽ, രണ്ടാം ഘട്ടമായപ്പോൾ സ്ഥലവും വീടും ഇല്ലാത്തവർക്കാണ് പുതിയൊരു ഭവനമെന്ന സ്വപ്നം ആണ് യാഥാർത്ഥ്യമായത്.
വിൻസെന്റ്ഡിപോളിലെ ഒരു അംഗം തന്നെ മുൻകൈയെടുത്ത് തന്റെ 21 സെന്റ് സ്ഥലം ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി വിൻസെന്റ് ഡിപ്പോളിന് കൈമാറി. ഈ സ്ഥലത്താണ് അഞ്ചു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
നെടിയകാട് ഇടവക അംഗവും ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസകാരനുമായ വെള്ളരിങ്ങാട്ട് ചാക്കോ എന്നയാളും അദ്ദേഹത്തിന്റെ കുടുംബവും കുടുംബാംഗങ്ങളും മുൻകൈയെടുത്താണ് അഞ്ചു വീടുകൾ നിർമ്മിക്കുന്നതിനായി ഉള്ള പണം വിൻസെന്റ് ഡി പോൾ സൊസൈറ്റിക്ക് നൽകിയത്.എല്ലാവിധ സൗകര്യങ്ങളും കൂടിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
റോഡ് കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിന് മുഖ്യ പരിഗണന കൊടുത്തു കൊണ്ടാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്.
വെള്ളരിങ്ങാട്ട് ഫാമിലിയും നെടിയകാട് സെന്റ്. വിൻസെന്റ് ഡിപ്പോളും സംയുക്തമായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ജനുവരി 25ന് നടക്കും. രാവിലെ 9 .30 നു കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ താക്കോൽദാനം നിർവ്വഹിക്കും.
ഫാ. മാത്യു അത്തിക്കൽ, . ഫാ. ജോസഫ് മഠത്തിക്കണ്ടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.സെക്രട്ടറി സി.ജെ അഗസ്റ്റ്യൻ സ്വാഗതം ആശംസിക്കും. വികാരി ഫാ. തോമസ് പൂവത്തുങ്കൽ അധ്യക്ഷത വഹിക്കും.
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് നാമകരണ ചടങ്ങ് നിർവ്വഹിക്കും.ബ്രദർ ബേബി ജോസഫ്, മാത്യു ജേക്കബ് തോട്ടുമാരി, ട്രീസ ജോസ്, സ്വപ്ന ജോയൽ, ഷീബ ടോമി തുടങ്ങിയവർ ആശംസ നേരും.
എം.പി ജോസ് മുഴുത്തേറ്റ് നന്ദിയും പറയും.വിൻസെന്റ് ഡിപ്പോളിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ അറിഞ്ഞു നിരവധി ആളുകൾ സഹായഹസ്തവുമായി എത്തുന്നു.
പതിനഞ്ചോളം വീടുകളുടെ അറ്റകുറ്റപ്പണികളും ചെയ്തു കൊടുത്തിട്ടുണ്ട് ഈ കാലഘട്ടത്തിൽ.ചികിത്സ സഹായം, വിദ്യാഭ്യാസ സഹാ യം, വിവാഹ സഹായം തുടങ്ങി വിവിധങ്ങളായ സഹായവും നെടിയകാട് സെന്റ്. വിൻസെന്റ് ഡിപ്പോൾ നടത്തി വരുന്നു.