തൊടുപുഴ ന്യൂമാൻ കോളേജിലെ ചരിത്ര വിഭാഗം ഒരുക്കിയ എക്സിബിഷൻ ശ്രദ്ധേയമാകുന്നു
തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയും ന്യൂമാൻ കോളേജ് ചരിത്ര വിഭാഗവും ചേർന്ന് നടത്തുന്ന ന്യൂമാനിയം ഡയമണ്ട് ജൂബിലി എക്സ്പോയോട് അനുബന്ധിച്ച് നടത്തുന്ന ചരിത്ര പൈതൃക പ്രദർശനത്തം വേറിട്ട കാഴ്ചയായി മാറി.
ചരിത്ര പൈതൃക പ്രദർശനത്തിൽ ചരിത്ര രേഖകളുടെയും പൈതൃക വസ്തുക്കളുടെയും സ്മാരകനാണയങ്ങളുടെയും കറൻസികളുടെയും പ്രദർശനമാണ് നടത്തുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യങ്ങളായ നിരവധി ചരിത്ര രേഖകളായ വട്ടെഴുത്ത്, കോലെഴുത്ത് ,ഗ്രന്ഥ ഭാഷ, ചെന്താമിഴ്, എന്നിവയാൽ രചിക്കപ്പെട്ട ചെമ്പോല ചെപ്പേടുകൾ, ചെമ്പു പട്ടയം, 500 വർഷത്തോളം പഴക്കം കണക്കാക്കുന്ന മുഗൾ രാജഭരണ കാലത്ത് ഉപയോഗിച്ചു വന്നിരുന്ന ഹാൻഡ്മേഡ് പേപ്പറിൽ പ്രകൃതിദത്ത മഷി ഉപയോഗിച്ച് എഴുതിയ കൈ എഴുത്ത് ഖുർആൻ, താളിയോല മാന്ത്രിക ഗ്രന്ഥങ്ങൾ തുടങ്ങി ചരിത്രത്തിന്റെ ഭാഗമായി മാറിയ നിരവധി രേഖകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇവയ്ക്കു പുറമേ നാണയങ്ങളുടെ അതിവിപുലമായ ശേഖരവും ഇവിടെ ഉണ്ട്. റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രത്യേക സ്മാരക നാണയങ്ങളായ വെള്ളി യിൽ നിർമ്മിച്ച 50 രൂപ, 100 രൂപ, 150 രൂപ, 500 രൂപ,1000 രൂപ എന്നിവയും ബ്രിട്ടീഷ് ഇന്ത്യ നാണയങ്ങൾ, തിരുവിതാംകൂർ നാണയങ്ങൾ, തിരുവിതാംകൂർ കാശ്, വെള്ളിച്ചക്രം, ഓട്ട കാൽ അണ, വിദേശ കറൻസികൾ, ബ്രിട്ടീഷ് നോട്ടുകൾ, മെഡലുകൾ തുടങ്ങിയവയും പ്രദർശിപ്പിച്ചിട്ടുണ്ട്. വെള്ളിക്കോൽ, റാത്തൽ, പറ, നാഴി, ഇടങ്ങേഴി, മെതിയടി, ചിക്കു വാരി, നരയം, പകിട ,പഴയ സിനിമ പ്രൊജക്ടർ, മരഉരൽ തുടങ്ങിയവയും ശ്രദ്ധേയമായി മാറുകയാണ്.