ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്?
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ബാറ്റർ വിരാട് കോലി പിൻമാറിയതോടെ സെലക്റ്റർമാർ പറ്റിയ പകരക്കാരനെ തേടുന്നു.
നേരിട്ട ഇടപെടേണ്ട ചില വ്യക്തിപരമായ ചില കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്നു എന്നാണ് ബി.സി.സി.ഐയുടെ വിശദീകരണം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ഹൈദരാബാദിൽ കോലി എത്തിച്ചേർന്നെങ്കിലും ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല.
ചേതേശ്വർ പൂജാര, രജത് പാട്ടിദാർ, അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ തുടങ്ങിയവരെയാണ് കോലിയുടെ സ്ഥാനത്തേക്ക് സെലക്റ്റർമാർ പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലുള്ള പൂജാര 20,000 ഫസ്റ്റ് ക്ലാസ് റൺസ് പിന്നിടുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് പാട്ടീദാറുടെയും സർഫറാസിന്റെയും സാധ്യതകൾ ശക്തമാക്കുന്നത്.
പാട്ടീദാർ അവർക്കെതിരേ രണ്ട് സെഞ്ചുറി നേടിയപ്പോൾ സർഫറാസ് ഒരു 96 ഉൾപ്പെടെ രണ്ട് അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യ എ ക്യാപ്റ്റനായ അഭിമന്യു റിസർവ് ഓപ്പണറായി ഇപ്പോൾ തന്നെ ടീമിലുണ്ട്.
ഇംഗ്ലണ്ടിനെപ്പോലൊരു ശക്തമായ ടീമിനെ നേരിടുമ്പോൾ പുതുമുഖങ്ങളെ പരീക്ഷിക്കാതെ ടീമിൽ തന്നെയുള്ള ശ്രേയസ് അയ്യരെയോ ശുഭ്മാൻ ഗില്ലിനെയോ കോലിയുടെ റോൾ ഏൽപ്പിക്കുന്നതും പരിഗണനയിലുണ്ട്.
അങ്ങനെയൊരു സാഹചര്യത്തിൽ കെ.എൽ രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കുകയും, കെ.എസ് ഭരത്, ധ്രുവ് ജുറൽ എന്നിവരിലൊരാളെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാക്കുകയും ചെയ്യാം. ഇരുവരും ഇംഗ്ലണ്ട് ലയൺസിനെതിരേ മികച്ച ബാറ്റിങ് പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു.