മഹാരാജാസ് കോളേജ് ബുധനാഴ്ച തുറക്കാൻ തീരുമാനം
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളെജ് നാളെ തുറക്കാൻ തീരുമാനം. വിദ്യാർഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോളെജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പി.റ്റി.എ യോഗത്തിലും തീരുമാനിച്ചിരുന്നു. വിദ്യാർഥി സംഘടന പ്രതിനിധികൾക്കു പുറമേ പൊലീസ് ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
വൈകിട്ട് 6 മണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐ.ഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോളെജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം.
കോളെജിലെ അറബിക് വിഭാഗം അസി. പ്രഫസർ ഡോ. കെ.എം നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമസംഭവങ്ങൾക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സംഘർഷത്തിനിടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്കു വെട്ടേറ്റിരുന്നു. മൂന്നാം വർഷ ചരിത്രവിഭാഗം വിദ്യാർഥി പി.എ. അബ്ദുൾ നാസറിനാണു(21) വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ടാംവർഷ ഫിലോസഫി വിദ്യാർഥിനി അശ്വതിക്കും(20) മർദനമേറ്റിരുന്നു.
സംഘർഷത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് പ്രജിത് കെ ബാബു, വൈസ് പ്രസിഡൻറ് ആഷിഷ് എസ് ആനന്ദ്, കെ.എസ്.യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയവരെ അറസ്റ്റു ചെയ്തു.