ഏഷ്യൻ കപ്പ് ഫുട്ബോളിൽ തിളങ്ങാനായി ഇന്ത്യ
ദോഹ: ജയിക്കുക അല്ലെങ്കിൽ മടങ്ങുക. ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യക്കുമുന്നിൽ മറ്റു വഴികളില്ല. ഇന്ന് വൈകിട്ട് അഞ്ചിന് സിറിയയാണ് എതിരാളി.
രണ്ടുകളിയും തോറ്റ ഇന്ത്യക്ക് ജയിച്ചാൽ പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്. നിലവിൽ ബി ഗ്രൂപ്പിൽ അവസാനസ്ഥാനത്താണ്. രണ്ടുകളി ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഉസ്ബെക്കിസ്ഥാന് നാലു പോയിന്റുണ്ട്.
ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കാൻ ഇരുടീമുകളും ഏറ്റുമുട്ടും. സിറിയക്ക് ഒരു പോയിന്റുണ്ട്. ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോളിനും ഉസ്ബെക്കിസ്ഥാനോട് മൂന്നു ഗോളിനുമാണ് തോറ്റത്.
ആറു ഗ്രൂപ്പിലേയും ആദ്യ രണ്ടുസ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. കൂടുതൽ പോയിന്റുള്ള നാല് മൂന്നാംസ്ഥാനക്കാർക്കും മുന്നേറാം. ജയിച്ചാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
സിറിയ ഫിഫ റാങ്കിങ്ങിൽ 91ആം സ്ഥാനത്താണ്, ഇന്ത്യ 102. ഓസ്ട്രേലിയയെ ഒരുപരിധിവരെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ, ഉസ്ബെക്കിസ്ഥാനോട് അമ്പേ പൊളിഞ്ഞു.
പരിക്കുമാറി മലയാളി മധ്യനിരക്കാരൻ സഹൽ അബ്ദുൾ സമദും വിങ്ങർ ലല്ലിയൻസുവാല ചാങ്തെയും തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.
കിർഗിസ്ഥാനെ രണ്ടു ഗോളിന് തോൽപ്പിച്ച് സൗദി അറേബ്യ പ്രീക്വാർട്ടറിലെത്തി. മുഹമ്മദ് കന്നോയും ഫൈസൽ അൽഘാമദിയും ഗോളടിച്ചു. രണ്ട് കിർഗിസ്ഥാൻ താരങ്ങൾ ചുവപ്പു കാർഡ് കണ്ട് പുറത്തായി. ഒമാനും തായ്ലൻഡും ഗോളടിക്കാതെ പിരിഞ്ഞു.