കായിക വികസനം ലക്ഷ്യമിട്ട് സെമിനാറും സംഗമവും
തിരുവനന്തപുരം: കായികരംഗത്ത് കേരളത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന രാജ്യാന്തര കായിക ഉച്ചകോടിയിൽ വൻ താരനിരയെത്തും. മുൻ ഇന്ത്യൻ അത്ലീറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ.എം വിജയൻ, ബെയ്ചുങ് ബൂട്ടിയ, സി.കെ വിനീത്, ബാസ്കറ്റ്ബോൾ താരം ഗീതു അന്ന ജോസ്, ഷൂട്ടർ ഗഗൻ നാരംഗ്, ചാട്ടക്കാരൻ രഞ്ജിത് മഹേശ്വരി എന്നിവരുണ്ട്.
ദേശീയ അത്ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, മുൻ സെക്രട്ടറി ഷാജി പ്രഭാകരൻ, ഇന്ത്യൻ അത്ലറ്റിക് ടീം കോച്ച് പി രാധാകൃഷ്ണൻ നായർ, മുൻ ക്രിക്കറ്റ് അമ്പയർ കെ.എൻ രാഘവൻ, നിവിയ സ്പോർട്സ് സി.ഇ.ഒ രാജേഷ് കാർബന്ധെ, റയൽ മാഡ്രിഡ് സെന്റർ പരിശീലകൻ ബഹാദൂർ ഷാഹിദി ഹാങ്ഹി, എ.സി മിലാൻ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലി ക്യാണ്ടേല, റയൽ മാഡ്രിഡ് മുൻതരാം മിഗ്വേൽ കോൺസൽ ലാർസൺ തുടങ്ങിയവരുമെത്തും.
കായിക സമ്പദ്ഘടന, കായിക വ്യവസായം, കായിക മേഖലയിലെ നിർമിത ബുദ്ധി, ഇ സ്പോർട്സ്, മറ്റു സാങ്കേതിക മുന്നേറ്റങ്ങൾ, തനത് കായിക ഇനങ്ങളും വിനോദ സഞ്ചാരവും, നിക്ഷേപക സംഗമം തുടങ്ങിയ പരിപാടികളാണ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.