അയോധ്യ പ്രാണപ്രതിഷ്ഠ ഇന്ന്
അയോധ്യ: ആറ് ദിവസം പിന്നിട്ട ചടങ്ങുകളുടെ പൂർത്തീകരണമായി അയോധ്യയിലെ രാമക്ഷേത്രത്തിൽ ഇന്നു പ്രാണപ്രതിഷ്ഠ. ഉച്ചയ്ക്ക് 12.20നാണു പ്രതിഷ്ഠാ മുഹൂർത്തം തുടങ്ങുന്നത്. ഒരു മണിക്കു ചടങ്ങുകൾ അവസാനിക്കും.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ 11 ദിവസമായി വ്രതമനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും.
മുകേഷ് അംബാനിയും മഹേന്ദ്ര സിങ് ധോണിയും സച്ചിൻ ടെൻഡുൽക്കറും അമിതാഭ് ബച്ചനുമടക്കം 7000 പേർക്കാണ് വിശിഷ്ടാതിഥികളായി ചടങ്ങിലേക്ക് ക്ഷണം.
പ്രതിഷ്ഠയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്യും. ക്ഷേത്രം നാളെ മുതൽ ഭക്തർക്ക് തുറന്നുകൊടുക്കും.
ഇന്നലെ പ്രതിഷ്ഠാ വിഗ്രഹത്തിന് രാജ്യത്തെ വിവിധ നദികളിൽ നിന്നും തീർഥാടന കേന്ദ്രങ്ങളിൽ നിന്നും എത്തിച്ച ജലം ഉപയോഗിച്ച് അഭിഷേകം നടത്തി.
114 കലശങ്ങളിൽ ആയുർവേദ ഔഷധങ്ങൾ നിറച്ച തീർഥജലമുപയോഗിച്ചായിരുന്നു അഭിഷേകം. മധ്യാധിവാസച്ചടങ്ങുകൾക്കു ശേഷം രാത്രി ജാഗരൺ അധിവാസ് ചടങ്ങും നടന്നെത്ത് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
താത്കാലിക ക്ഷേത്രത്തിൽ പൂജിച്ചിരുന്ന പഴയ വിഗ്രഹം യജ്ഞശാലയിൽ സ്ഥാപിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലിൽ പുതിയ വിഗ്രഹത്തിനൊപ്പം ഈ വിഗ്രഹവുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ട്രസ്റ്റ് അംഗം അനിൽ മിശ്രയാണ് ഇന്നലെ വരെയുള്ള ചടങ്ങുകൾക്ക് യജമാനസ്ഥാനം വഹിച്ചത്. ഇന്നു 14 ദമ്പതിമാരാകും യജമാനസ്ഥാനത്തുണ്ടാകുക.
കാശിയിൽ നിന്നുള്ള വേദപണ്ഡിതൻ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിൽ 121 വേദജ്ഞരാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
പ്രാണ പ്രതിഷ്ഠയ്ക്ക് ക്ഷണിതാക്കൾ ഭൂരിപക്ഷവും ഇന്നലെത്തന്നെ അയോധ്യയിലെത്തി. നഗരം പൂർണമായി അലങ്കരിച്ചിട്ടുണ്ട്. തെരുവുകളും കെട്ടിടങ്ങളുമെല്ലാം രാമമയം.
ശ്രീരാമ, ലക്ഷ്മണ, സീതാ വേഷധാരികൾ നഗരത്തിൽ നിറഞ്ഞു. കനത്ത സുരക്ഷയിലാണ് അയോധ്യ. ക്ഷേത്രം പൂർണമായി പൂമാലകളാൽ അലങ്കരിച്ചു. അയോധ്യയിൽ ദീപോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നു വിശ്വഹിന്ദു പരിഷത്ത്. യുഎസ് മുതൽ ഓസ്ട്രേലിയ വരെ 60 രാജ്യങ്ങളിലാണ് ഇന്ന് ആഘോഷപരിപാടികൾ.
മൈസൂരു സ്വദേശി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ രൂപംകൊടുത്ത വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. അഞ്ചു വയസ് പ്രായമുള്ള ശ്രീരാമരൂപത്തിന് 51 ഇഞ്ചാണ് ഉയരം. കൈയിൽ സ്വർണവില്ലും അമ്പുമേന്തിയ രൂപത്തിലാണു രാമവിഗ്രഹം.
ക്ഷേത്രത്തിലേക്കു കിഴക്കുനിന്നാണു പ്രവേശനമെന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി. തെക്കേനടയിലൂടെ പുറത്തിറങ്ങണം. നഗര ശൈലിയിൽ മൂന്നു നിലകളുള്ള ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് 32 പടികളുണ്ട്.
380 അടി ഉയരം. 250 അടി വീതി. 161 അടി ഉയരം. 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിൽ സിമന്റ്, കുമ്മായം, ഇരുമ്പ് തുടങ്ങിയവയൊന്നും ഉപയോഗിച്ചിട്ടില്ല.
പൈതൃകരീതിയിൽ ശിലകളെ പ്രത്യേകമായി അടുക്കിയ ക്ഷേത്രത്തിന് ഭൂകമ്പ പ്രതിരോധ ശേഷിയുണ്ട്. കുറഞ്ഞത് 1000 വർഷം ആയുസുണ്ടെന്നും അധികൃതർ.