രഞ്ജിത്ത് ശ്രീനിവാസൻ വധം: ശിക്ഷാവിധി 22ന്
ആലപ്പുഴ: ബി.ജെ.പി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പ്രതികളെല്ലാവരും എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി(ഒന്ന്) വി.ജി ശ്രീദേവിയാണു വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പേരേയും ആസൂത്രണം ചെയ്ത മൂന്നു പേരേയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
വിധി പ്രസ്താവിക്കുന്ന സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാമെന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ.
മണ്ണഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് നേതാവായ കെ.എസ് ഷാനെ ബി.ജെ.പി പ്രവർത്തകർ കൊന്നതിനു പ്രതികാരമായാണ് അതേദിവസം തന്നെ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
അമ്മ, ഭാര്യ, മകൾ എന്നിവരുടെ മുന്നിലിട്ടു രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ഡി.വൈ.എസ്.പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.