തങ്കമണി സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി
ഇടുക്കി: തങ്കമണി ഗ്രാമത്തിലുണ്ടായ വിവാദമായ സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണിയെന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. നാട്ടുകാരനും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബഞ്ച് കേസ് പരിഗണിച്ച ശേഷം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
1986 ഒക്ടോബറിൽ ഉണ്ടായ തങ്കമണി വെടിവയ്പ് സംഭവം രാഷ്ട്രീയ കേരളത്തിൽ ഏറെ ചലനങ്ങളുണ്ടാക്കി. വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് കാൽ നഷ്ടമാക്കുകയും ചെയ്തു. വളരെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ കെ. കരുണാകരന് ഭരണ നഷ്ടമുണ്ടായതും ചരിത്രമാണ്. അന്ന് തങ്കമണി ഗ്രാമത്തിൽ പൊലീസ് നരനായാട്ട് നടത്തി. സമീപ വീടുകളിൽ പുരുഷന്മാരെ പിടിക്കാൻ പൊലീസ് രാത്രികാലങ്ങളിലും കയറി ഇറങ്ങി. ഇതിനിടയിൽ പ്രതിസ്ഥാനത്തുള്ള പുരുഷമ്മാരെ കിട്ടാതെ വന്ന പൊലീസ് വീടുകളിലുള്ള സ്ത്രീകളെ ഉപദ്രവിച്ചു. എന്നാൽ പിന്നീടിത് ബലാത്സംഘം എന്ന് വ്യാഖ്യാനിക്കപ്പെട്ടു. സത്യത്തിൽ തങ്കമണിയിൽ പൊലീസ് ബലാത്സംഘം ചെയ്തെന്നത് വെറും കെട്ട് കഥയാണ്. ഒരു സ്ത്രീയെ പോലും ബലാത്സംഘം ചെയ്തതായി രേഖയില്ല. ഇത് സംബന്ധിച്ച് മെഡിക്കൽ രേഖകളോ, മൊഴികളോ ഇല്ല. എന്നിട്ടും ഒരു നാടിനെ ആകെ അപമാനത്തിലാക്കുന്ന കിംവദന്തികളാണ് പിന്നീടുണ്ടായത്. ഇത് ഈ നാട്ടിലെ സ്ത്രീകളുടെ മാനത്തിന് ക്ഷതമേറ്റ സംഭവമായി മാറി. പൊലീസിനാൽ ലൈഗീകമായി പീഡിപ്പിക്കപ്പെട്ടാൽ സർക്കാർ എന്തുകൊണ്ട് നഷ്ടം കൊടുത്തില്ലാ? ഇങ്ങനെ നിയമപരമായ കാരണങ്ങൾ നിലനിൽക്കെ കാലങ്ങൾ ഈ മുറിവ് മായ്ച്ചു വരവെയാണ് ഇപ്പോൾ തങ്കമണിയെന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നത്.
പെണ്ണിൻ്റെ പേരല്ല തങ്കമണി, വെന്ത നാടിൻ്റെ പേരല്ലോ തങ്കമണിയെന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇതിൽ വ്യക്തമായി പറയുന്നുണ്ട് പാതിരാ നേരത്ത് കാരിരുൾ കൈയ്യുമായ് കാക്കി കൂത്താടിയ തങ്കമണിയെന്ന്. പിന്നീട് മാനം കവർന്നവർ ചോരമോന്തിയെന്നും ഗാനത്തിൽ പറയുന്നു. ഇതേതുടർന്നാണ് നാട്ടുകാരനും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യൻ[ബിജു വി.ആർ ] ഹൈക്കോടതിയെ സമീപിച്ചത്.
നടക്കാത്ത സംഭവം നടന്നെന്നു കാണിച്ച് സിനിമ ഇറങ്ങിയാൽ അത് നാട്ടിലെ സ്ത്രീകളുടെ മാനത്തിന് വിലപേശലെന്നും, വരും തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സ്ത്രീകൾക്കെതിരായ പരാമർശം ഒഴിവാക്കി, തങ്കമണിയെന്ന പേരും ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നുമാണ് അഡ്വ. ജോമി കെ ജോസ് മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ഹർജി സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന ഡി.ജി.പി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, സെൻസർ ബോർഡ്, സംവിധായകൻ രതീഷ് രഘുനന്ദൻ, നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് മാനേജിങ്ങ് ഡയറക്ടർ ആർ.ബി ചൗദരി, നായകൻ ഗോപാലകൃഷ്ണൻ(ദിലീപ്) എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. തന്നെ കേസിൽ വിസ്തരിക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിക്കുന്നു.