ആവശ്യമായ രേഖകൾ എല്ലാം എക്സാലോജിക് കൊടുത്തിട്ടുണ്ട്; എ.കെ ബാലൻ
തിരുവനന്തപുരം: എക്സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയിട്ടുണ്ടെന്നും സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ വ്യക്തമാക്കി.
സി.എം.ആർ.എൽ കമ്പനിക്ക് എക്സാലോജിക് നൽകിയ സേവനം സംബന്ധിച്ച് ഏത് അന്വേഷണവും നടക്കട്ടെയെന്നും അതുമായി പൂർണമായി സഹകരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
ഏത് അന്വേഷണമാണ് വേണ്ടതെന്ന് ആദ്യം കേന്ദ്ര ഏജന്‍സികള്‍ തീരുമാനിക്കണം. സി.എം.ആര്.എല്ലിന്റെ 70 ശതമാനം എക്സ്പെൻഡീച്ചറും അനുവദനീയമാണെന്ന് കാണിച്ച് അതിന് നികുതി ഒഴിവ് നൽകിയതും പ്രോസിക്യൂഷൻ നേരിടേണ്ടതില്ലെന്ന് പറഞ്ഞതും ഒരു ക്വാസി ജുഡീഷ്യൽ ബോഡിയാണ്.
എക്സാലോജിക്കുമായുള്ള വിഷയത്തിൽ ഒരു അഴിമതിയും ഇല്ലെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ കൊടുത്ത റിവിഷന്‍ പെറ്റീഷനിൽ ഇതുവരെ വീണയ്ക്കോ മുഖ്യമന്ത്രി പിണറായി വിജയനോ ഒരു നോട്ടീസ് പോലും കോടതി കൊടുത്തിട്ടില്ല.
മറ്റ് വിവരങ്ങൾ ഹെെക്കോടതി നിയമിച്ച മൂന്നംഗ കമ്മീഷന് അന്വേഷിക്കട്ടെയെന്നും എ.കെ ബാലൻ പറഞ്ഞു. ആര്.ഒ.സിയില്‍ കൊടുക്കേണ്ട രേഖകളെല്ലാം പരിപൂര്‍ണ്ണമായി കൊടുത്തിട്ടുണ്ട്.
എക്സാലോജിക് കമ്പനിയും വീണയും ഇന്‍കം ടാക്സും, എസ്.ജി.എസ്.റ്റിയും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യ പ്രശ്നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്കി.
ആര്.ഒ.സി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് സി.എം.ആർ.എൽ കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. ഇതില്‍ അഴിമതി ഇല്ല എന്നുള്ളത് കോടതിയുടെ കണ്ടെത്തലാണ്.
കമ്പനി ഫ്രോഡ് അല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്.എല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ല.
രാഷ്ടീയ പാർടികൾ സി.എം.ആർ.എല്ലിൽ നിന്ന് പണം കെെപ്പറ്റിയിട്ടുണ്ടെെന്ന് നേരിട്ട് വ്യക്തമാക്കിയതാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം ആ വഴി നടക്കാത്തത്. സി.പി.ഐ(എം) പണം കെെപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.
എന്നാൽ പണം പറ്റിയെന്ന് പറഞ്ഞവർ ഉണ്ടല്ലോ. അത് പാർട്ടി ഫണ്ടിലേക്കാണോ അതോ വ്യക്തിപരമായ അക്കൗണ്ടിലേക്കാണോ പോയതെന്ന് അന്വേഷിക്കണ്ടേയെന്നും എ.കെ ബാലൻ ചോദിച്ചു.