വ്യാജ ഐ.ഡി കാർഡ് കേസ്, ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായി വ്യാജ ഐ.ഡി കാർഡ് നിർമിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ പരാതിയാണ് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചതായി മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞതായും വരുന്ന തെരഞ്ഞെടുപ്പിൽ ഈ കാർഡുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസ് നൽകിയ പരാതിയിൽ പറയുന്നു. ഗൗരവതരമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനെ സമീപിച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായ നാലുപേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു.
പുതിയ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. അന്വേഷണത്തിന് ശേഷമേ പ്രതിപ്പട്ടികയിൽ പേരുൾപ്പെടുത്തൂവെന്ന് പൊലീസ് അറിയിച്ചു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ യഥാർഥമായി ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ്.
രണ്ടു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷ കിട്ടാവുന്നതാണ് വകുപ്പുകൾ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാനുള്ള ആപ് നിർമിച്ചത് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് കാസർകോട് സ്വദേശി ജയ്സൺ മുകളേൽ അന്വേഷക സംഘത്തിന് മൊഴി നൽകിയിരുന്നു.