പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കൊച്ചിയിൽ നാളെയും ഗതാഗത നിയന്ത്രണം
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതലും നാളെ അതിരാവിലെ മൂന്ന് മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധികളിൽ വരുന്ന പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
എന്നാൽ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.