കൈവെട്ട് കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് എസ്.ഡി.പി.ഐ നേതാക്കൾ
കണ്ണൂർ: കൈപ്പത്തിവെട്ട് കേസിലെ പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് എസ്.ഡി.പി.ഐ നേതാക്കളും പ്രവർത്തകരുമെന്ന് സൂചന. മട്ടന്നൂർ, ഇരിട്ടി പ്രദേശങ്ങളിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയത് ഇവരാണെന്നും എൻ.ഐ.എക്ക് വിവരം ലഭിച്ചു.
മട്ടന്നൂർ ബേരത്ത് എത്തുന്നതിന് മുമ്പ് രണ്ട് വർഷം താമസിച്ചത് ഇരിട്ടി വിളക്കോട് ചാക്കാട്ടിലെ എസ്.ഡി.പി.ഐ കേന്ദ്രമായ പൂഴിമുക്കിലാണ്. ഇവിടെ താമസിച്ചത് വേലിക്കോത്ത് ആമിനയുടെ പേരിലുള്ള വീട്ടിലാണ്.
ആമിനയുടെ മകനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ വി.കെ സവാദാണ് വീട് നോക്കിനടത്തുന്നത്. സവാദിന്റെ അനിയനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഉനൈസ് സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദ് വധക്കേസിലെ പ്രതി ചേമ്പോത്ത് ഷഫീറിന്റെ ഉൾപ്പെടെ അറിവോടെയാണ് സവാദ് ഇവിടെ താമസിച്ചതെന്നും വിവരമുണ്ട്.
ഷഫീറിന്റെ ഗൃഹപ്രവേശ ചടങ്ങിലും സവാദ് സജീവമായി പങ്കെടുത്തിരുന്നു. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി ഈരടത്ത് മിദിലാജുമായി ബന്ധം പുലർത്തിയതായും അന്വേഷകസംഘത്തിന് വിവരം കിട്ടി.
സവാദിന്റെ ഭാര്യ ഖദീജ ഗർഭിണിയാണെന്നറിഞ്ഞ് കുത്തിവയ്പ്പുകൾക്ക് നിർദേശം നൽകാനെത്തിയ ആശാവർക്കർക്ക് വിവരം കൈമാറാൻ തയ്യാറായിരുന്നില്ല.
ഇവിടെ പേര് രജിസ്റ്റർ ചെയ്യേണ്ടെന്നും കാസർകോടാണ് വീടെന്നും പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പ്രസവിക്കുന്നതിന് മുമ്പ് താമസം ബേരത്തേക്ക് മാറ്റി. അവിടെയും സൗകര്യങ്ങൾ ഒരുക്കിയത് എസ്.ഡി.പി.ഐ പ്രവർത്തകർ.
ജോലി നൽകിയ റിയാസും വാടകവീട് ഒരുക്കിയ ജുനൈദും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. വാടകക്കരാർ ഭാര്യയുടെ പേരിലാക്കിയതും ആളെ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു.
ഇവിടെയും യഥാർഥ പേര് പുറത്തുവിട്ടില്ല. ഭാര്യവീട്ടുകാർക്കും എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് അന്വേഷകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവാഹ ശേഷമാണ് കൈവെട്ട് കേസിലെ പ്രതിയാണെന്ന് മനസിലായതെന്ന് ഭാര്യ പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ അറിഞ്ഞാണോ വിവാഹം നടത്തിയതെന്നതുൾപ്പെടെ എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.