വിളയാതെ പഴുത്താൽ അധിക കാലം നിൽക്കില്ല, രാഹുലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യത: സജി ചെറിയാൻ
തിരുവനന്തപുരം: മാധ്യമങ്ങൾ പുതിയ നേതാക്കളെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യതയായിരുന്നെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതും തുടർന്നുണ്ടായ പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. വിളഞ്ഞു പഴുക്കട്ടെ, വിളയാതെ പഴുത്താൽ അധിക കാലം നിൽക്കില്ലെന്നും മന്ത്രി പരിഹസിച്ചു.
മാധ്യമങ്ങൾ ചിലയാളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. ഇന്ന് എത്രയോ വിദ്യാർഥി നേതാക്കന്മാർ ഈ ഘട്ടത്തിൽ തന്നെ ജയിലിൽ പോയിട്ടുണ്ട്, നിലവിൽ ജയിലിലുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
എന്തിനാണ് അറസ്റ്റ്. എന്തിനാണ് സർക്കാരിനെ വിമർശിക്കുന്നത്. ആദ്യമായിട്ടാണോ ഒരു യുവജന നേതാവ് ജയിലിൽ പോവുന്നത്. ഇന്ന് ഈ മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണ് ഉള്ളത്.
താനടക്കമുള്ള ആളുകൾ ജയിലിൽ പോയിട്ടുണ്ട്. അന്ന് ഈ മാധ്യമങ്ങളുടെ ഒന്നും സഹായം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.മാധ്യമങ്ങളുടെ സഹായം ഉണ്ടായിരുന്നെങ്കിൽ താൻ ലോകപ്രശസ്തനായി പോയേനെയെന്നും സജി ചെറിയാൻ പറഞ്ഞു.
അക്രമം നടത്താൻ മുൻകൈയെടുത്ത ആളാണ് ജയിലിൽ പോയത്. അക്രമത്തിന് അദ്ദേഹം പരസ്യമായ നിലപാടുകൾ സ്ഥീകരിച്ചിരുന്നു. ഏതെങ്കിലും സംഘടനയുടെ സംസ്ഥാന പ്രസിഡന്റോ അഖിലേന്ത്യാ പ്രസിഡന്റോ ആയതുകൊണ്ട് അക്രമം നടത്താൻ മുൻകൈ എടുത്താൽ കണ്ടില്ലെന്ന് നടിക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. നിയമം കയ്യിലെടുക്കാൻ ആർക്കാണ് അവകാശം. നിയമത്തിന്റെ മുൻപിൽ കെ.എസ്.യുവെന്നോ ഡി.വൈ.എഫ്.ഐയെന്നോ എസ്.എഫ്.ഐയെന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.