കൈവെട്ടു കേസ്; 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പിടികൂടി
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. റ്റി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ. 13 വർഷമായി ഒളിവിൽ ആയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദ് ആണ് പിടിയിലായത്.
ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) കണ്ണൂരിൽ നിന്നുമാണ് സവാദിനെ പിടികൂടിയത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായ്, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. സിറിയയിലേക്കു കടന്നതായും സംശയമുണ്ടായിരുന്നു.
കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി 18 പേരെ വെറുതേ വിട്ടിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 13 പേരെയാണ് കോടതി 2015ൽ ശിക്ഷിച്ചത്. ഇതിൽ 10 പേർക്ക് എട്ടു വർഷം വീതവും മൂന്നു പേർക്ക് രണ്ടു വർഷം വീതവും തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്.
റ്റി.ജെ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.
ഇതെത്തുടർന്ന് കോളെജ് അധികൃതർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. അദ്ദേഹത്തിനെതിരായ കേസുകൾ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
2010 ജൂലൈ നാലിനാണ് പ്രൊഫ. റ്റി.ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. കോളേജിലെ രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.