ഫ്രാൻസ് ബെക്കൻബോവർ വിടവാങ്ങി
ബർലിൻ: കൈസർറെന്ന വിളിപ്പേരിൽ വിശ്വഫുട്ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ് ബെക്കൻബോവർ വിടവാങ്ങി.
78ആം വയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്. അത്രതന്നെ ബാലൻ ഡി ഓറും നേടി. മികച്ച കളിക്കാരനുള്ള ഈ നേട്ടം സ്വന്തമാക്കിയ ചരിത്രത്തിലെ ഏക പ്രതിരോധക്കാരനാണ്.
ജർമൻ ഫുട്ബോളിന്റെ മുഖമായിരുന്നു ബെക്കൻബോവർ. 1965ലായിരുന്നു അരങ്ങേറ്റം. കളത്തിൽ തുടക്കകാലം മധ്യനിരക്കാരന്റെ വേഷമായിരുന്നു. പിന്നീട് ചുവടുമാറ്റി.
അത്യുഗ്രൻ പ്രതിരോധക്കാരനായി വളർന്നു. ആധുനിക ഫുട്ബോളിലെ ‘സ്വീപ്പർ’ കളിശൈലിയുടെ ഉടമയായി. ജർമൻ പ്രതിരോധഹൃദയത്തിൽ ബെക്കൻബോവർ അണിനിരന്നപ്പോൾ എതിരാളികൾ നിഷ്പ്രഭമായി. ഏത് കിടയറ്റ മുന്നേറ്റക്കാരനും ആ ബൂട്ടുകളെ ഭയന്നു.
മ്യൂണിക്കിലെ ഗിസ്ലിങ്ങിൽ 1945ലായിരുന്നു ജനനം. ആറാംവയസ്സിൽ നാട്ടിലെ മുൻകെൻ വോൻ ക്ലബ്ബിലെത്തി. 1959 മുതൽ ബയേൺ മ്യൂണിക്കിന്റെ അക്കാദമിയിൽ.
1964ൽ 19ആം വയസ്സിലായിരുന്നു സീനിയർ അരങ്ങേറ്റം. ആദ്യം മുന്നേറ്റക്കാരന്റെയും വിങ്ങറുടെയും മധ്യനിരക്കാരന്റെയുമെല്ലാം വേഷമണിഞ്ഞാണ് പ്രതിരോധത്തിൽ സ്ഥാനമുറപ്പിച്ചത്. ജർമനിയിൽ രണ്ടാംനിര ടീമായ ബയേണിനെ ഒന്നാംനിരയിൽ എത്തിച്ചു. 1969ൽ ക്യാപ്റ്റനായി ആദ്യ ലീഗ് കിരീടവും സമ്മാനിച്ചു.
1965ലായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം, സ്വീഡനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ. പിന്നീടങ്ങോട്ട് ജർമനിയുടെ സുവർണകാലമായിരുന്നു. 1972ൽ യൂറോ കപ്പ് ചൂടി.
പിന്നാലെ 1974ൽ നാട്ടിൽ ബെക്കൻബോവറും സംഘവും കപ്പുയർത്തി. വിഖ്യാതതാരം യോഹാൻ ക്രൈഫിന്റെ നെതർലൻഡ്സിനെ 2–-1ന് തോൽപ്പിച്ചായിരുന്നു നേട്ടം.
1972ലും 76ലും ബാലൻ ഡി ഓർ തേടിയെത്തി. ജർമനിക്കായി 103 മത്സരങ്ങളിലിറങ്ങി, 13 ഗോളടിച്ചു. ബയേൺ മ്യൂണിക്കിനൊപ്പം യൂറോപ്യൻ ലീഗ് കിരീടം ഉൾപ്പെടെ ഉയർത്തി. ബയേണിനായി 583 തവണ പന്തുതട്ടി. അവിടെയും താരമായും കോച്ചായും ലീഗ് ജേതാവായി.
1983ലാണ് കളി മതിയാക്കിയത്. തൊട്ടടുത്ത വർഷം പരിശീലകന്റെ വേഷത്തിൽ. 1986 ലോകകപ്പിൽ റണ്ണറപ്പാക്കി. 1990ൽ ജർമനിയെ മൂന്നാംതവണയും ലോകചാമ്പ്യൻമാരാക്കി.
ബ്രസീലിന്റെ മരിയോ സഗല്ലോയും ഫ്രാൻസിന്റെ ദിദിയെർ ദെഷാംപ്സുംമാത്രമാണ് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ മറ്റാളുകൾ.
രണ്ടായിരത്തിനുശേഷം ഫുട്ബോൾ ഭരണസമിതിയിലേക്ക് ചുവടുമാറ്റിയ ബെക്കൻബോവറിന് പിഴച്ചു. ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഫിഫയുടെ വിലക്ക് ഏറ്റുവാങ്ങി.