നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ, യുവതി സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമാണ്
ഗോവ: നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൻറെ സ്ഥാപകയും സി.ഇ.ഒയുമായ യുവതി അറസ്റ്റിൽ. സുചേന സേത്(39) ആണ് അറസ്റ്റിലായത്.
ഗോവയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് പോകുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.
അപ്പാർട്ട്മെൻറിലെ ജീവനക്കാർക്കു തോന്നിയ സംശയമാണ് കൊലപാതകത്തിൻറെ ചുരുൾ അഴിച്ചത്.
ശനിയാഴ്ച കുഞ്ഞുമായെത്തി റൂമെടുത്ത യുവതി തിങ്കളാഴ്ച മടങ്ങുമ്പോൾ കുഞ്ഞ് ഒപ്പമില്ലായിരുന്നു. കർണാടകയിലേക്ക് പോകാൻ ടാക്സി തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചിരുന്നു.
തുടർന്ന് ടാക്സിയിൽ ബ്രീഫ്കെയ്സുമായി അവർ ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. പിന്നാലെ റൂം വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ മുറിയിൽ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടർന്ന് വിവരം റിസപ്ഷനിസ്റ്റിനെ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. തുടരന്വേഷണത്തിൽ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാർ തന്നെ പൊലീസിൽ പറഞ്ഞിരുന്നു.
സംശയം തോന്നിയ പൊലീസ് സി.സി.റ്റി.വി ദൃശങ്ങൾ പരിശോധിക്കുകയും യുവതി സഞ്ചരിച്ച ടാക്സി ഡ്രൈവറുമായി ബന്ധപ്പെടുകയായിരുന്നു. ടാക്സി ഡ്രൈവറുടെ ഫോണിൽ വിളിച്ചാണ് യുവതിയുമായി ബന്ധപ്പെട്ടത്.
മകനെ സുഹൃത്തിൻറെ വീട്ടിലാക്കിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ സുഹൃത്തിൻറേതെന്ന് പറഞ്ഞ് നൽകിയ മേൽവിലാസം തെറ്റാണെന്ന് കണ്ടെത്തി.
ഇതേതുടർന്ന് ടാക്സി അടുത്തുള്ള ചിത്രദുർഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രദുർഗ പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് കുഞ്ഞിൻറെ മൃതദേഹം ബാഗിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.