രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി, പ്രതിഷേധം ശക്തം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരത്തെത്തിച്ചു. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു.
ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടി വരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പലതവണ പറഞ്ഞിട്ടും എസ്.ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. എസ്.ഐയും രാഹുലും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതിനിടെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
തുടർന്ന് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ പരിശോധയ്ക്ക് പിന്നാലെ രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി.ഡി സതീശന് പറഞ്ഞു.
ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലാണ് കേരള പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാഹുലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നും ചെന്നിത്തല ചോദിച്ചു.
ഇതിനിടെ ചവറ പൊലീസ് സ്റ്റേഷന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.