വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡൻറ് ചൈനയിൽ
ബീജിങ്: മോദി വിരുദ്ധ പരാമർശത്തെത്തുടർന്ന് ഇന്ത്യയും മാലദ്വീപുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വീണതിനിടെ ചൈനയുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി മാലദ്വീപ്.
മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയ്സുവിൻറെ ചൈനീസ് സന്ദർശനത്തിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി മുയ്സു കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പു വയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന മുയ്സു ഭാര്യ സാജിദ മുഹമ്മദ് ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് ചൈനയിൽ എത്തിയിരിക്കുന്നത്.
മാലദ്വീപും ചൈനയുമായുള്ള ബന്ധം ചരിത്രമായ ഒരു നിമിഷത്തിലേക്കാണ് എത്തി നിൽക്കുന്നത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് വാങ് വെൻബിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
മാലദ്വീപിലെ മുൻ പ്രസിഡൻറുമാർ ഇന്ത്യയുമായി നല്ല ബന്ധമായിരുന്നു പുലർത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഊഷ്മളമായിരുന്നു.
മാലദ്വീപിലെ നിരവധി പദ്ധതികളിൽ ഇന്ത്യക്ക് നിക്ഷേപവുമുണ്ടായിരുന്നു. എന്നാൽ നവംബറിൽ അധികാരത്തിലേറിയ മുയ്സു ആദ്യവിദേശ സന്ദർശനത്തിനായി തെരഞ്ഞെടുത്തത് തുർക്കിയാണ്.
മുയ്സു അധികാരമേറ്റതിനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ വിള്ളലുകൾ വീണിരുന്നു. മാലദ്വീപിലുള്ള 77 ഇന്ത്യൻ മിലിറ്ററി ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് മുയ്സു ആദ്യമായി ആവശ്യപ്പെട്ടത്.
പിന്നീട് ഇന്ത്യയുമായുള്ള നൂറിലേറെ വരുന്ന കരാറുകളിൽ പുനരവലോകനം നടത്താനും തീരുമാനിച്ചു. ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് സർവേ കരാർ ഉപേക്ഷിക്കാനൊരുങ്ങുന്നതായും മുയ്സു പ്രഖ്യാപിച്ചിരുന്നു.