ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി.
പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
2002ലെ ഗുജറാത്തു വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സി.പി.ഐ(എം) നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്.
പ്രതികളായ ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്.
ഗുജറാത്ത് വംശഹത്യയിൽ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.