രാജ്ഭവൻ മാർച്ചിന്റെ അന്ന് ഗവർണർ തൊടുപുഴയിലേക്ക്, ഒമ്പതിന് ഹർത്താൽ പ്രഖ്യാപിച്ച് എൽ.ഡി.എഫ്
തൊടുപുഴ: ആറ് പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ ഭൂ നിയമ ഭേദഗതി കൊണ്ടു വന്നത്. നിയമസഭയിൽ സ്വാഗതം ചെയ്ത പ്രതിപക്ഷം പിന്നീട് ഇത് ജനങ്ങളെടുള്ള വെല്ലുവിളയാണെന്ന് പറയുകയുണ്ടായി
ഇത് ഇരട്ടത്താപ്പാണ്.
ഭൂനിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ജനുവരി ഒമ്പതിന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ അന്നേ ദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ചിരിക്കുകയാണ്.
അദ്ദേഹം തീയതി നൽകുകയും ചെയ്തു. രണ്ടു കൂട്ടരുടെയും ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ഒമ്പതിന് ഹർത്താൽ നടത്തുന്നത്. ഇതിനു മുന്നോടിയായി എട്ടിന് വൈകിട്ട് ജില്ലയിലെ വിവിധ ഇടങ്ങലിൽ പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കും.
ഭൂനിയമ ഭേദഗതിക്കെതിരെ സംസാരിക്കുന്ന ഡീൻ കുര്യാക്കോസ് എം.പി ഒറ്റുകാരനാണ്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നും 13 കിലോ മീറ്റർ വരെ ബഫർ സോൺ വേണമെന്നും വാദിച്ച അദ്ദേഹം ആട്ടിൻ തോലിട്ട ചെന്നായയാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ ശിവരാമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.വി മത്തായി, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടരിയേറ്റ് മെമ്പർ പ്രൊഫ. കെ.ഐ ആന്റണി, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, കേരളാ കോൺഗ്രസ് ബി നേതാവ് പോൾസൺ മാത്യു, കേരളാ കോൺഗ്രസ് സ്കറിയ വിഭാഗം നേതാവ് സി ജയകൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് അഡ്വ. മിഥുൻ സാഗർ, ഐ.എൻ.എൽ നേതാവ് എൻ.എൻ സുലൈമാൻ, കോൺഗ്രസ് എസ് നേതാവ് പി.കെ വിനോദ്, ആർ.ജെ.ഡി നേതാവ് എം.എ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.