വിശ്വാസത്തിന് മൂന്നക്ഷരം
മൂന്നര പതിറ്റാണ്ടു മുന്‍പ് അച്ഛന് ഗോവിന്ദമേനോനൊപ്പം പ്രീമിയം ട്രേഡിങ്ങ് കോര്പ്പറേഷന് എന്ന ധനകാര്യ സ്ഥാപനത്തിലേക്ക് അനില്‍ എത്തുമ്പോള്‍ നാട്ടുകാരും വീട്ടുകാരും കരുതിയത് അടുത്ത ജോലി കിട്ടുന്ന സമയം വരെയുള്ള ഇടത്താവളമെന്നു മാത്രം. സൈക്കിള്‍ ചവിട്ടി ഇരിങ്ങാലക്കുടയിലും സമീപസ്ഥലങ്ങളിലും കറങ്ങി പിതാവിന്റെ ബിസിനസ് വിപുലീകരിച്ച ചെറുപ്പക്കാരന്, എല്ലാവരുടെയും വിശ്വസ്തനായി. സാധാരണ ചിട്ടികമ്പനിക്കും ഫിനാന്‍സ് സ്ഥാപനത്തിനുമപ്പുറം നാട്ടുകാരുടെ നന്മ; അതായിരുന്നു ലക്ഷ്യം. ആരെയും ദ്രോഹിക്കാതെ സ്വയം വളരാൻ ശ്രമിക്കുകയെന്നത് അച്ഛൻ പഠിപ്പിച്ച പാഠം. അച്ഛന്റെ കമ്പനിയിലെ ജീവനക്കാരന് മാത്രമല്ല, പാര്‍ട്ണര്‍ കൂടിയായിരുന്നു ആ മകന്.
രാജ്യമെമ്പാടും ശാഖകളുള്ള, ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎൽ ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ മാനെജിങ് ഡയറക്റ്ററാണ് കെ.ജി.അനില്‍കുമാര്‍. പ്രീമിയര്‍ ട്രേഡിങ്ങ് കമ്പനിയുടെ പ്രവര്‍ത്തന കാലം കൂട്ടിയാല്‍ ഐസിഎല്‍ അടുത്ത വര്‍ഷം റൂബി ജൂബിലിയിലേക്കാണ്. എന്നാല്‍ താന്‍ തുടക്കമിട്ട ജവഹര്‍ ഫിനാന്‍സ് കമ്പനിയുടെ ആരംഭത്തിൽ നിന്നാണ് അനില്‍ ഐസിഎല്ലിന്റെ പാരമ്പര്യം അളക്കുന്നത്. ഇല്ലാത്ത പഴങ്കഥകള്‍ പറഞ്ഞു പലരും വിശ്വാസ്യതയുടെ മൂല്യം ഉയർത്തുന്ന കാലത്ത് അനിൽ അവിടെയും വ്യത്യസ്തൻ.
1991 ലാണ് ജവഹര്‍ ഫിനാന്‍സ് കമ്പനിയിലൂടെയാണ് സാമ്പത്തിക രംഗത്തേക്ക് അനിൽ കടന്നുവന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വര്‍ണപണയ വായ്പ ലഭ്യമാക്കുക, ഏറ്റവും മികച്ച സേവനം ഇടപാടുകാര്‍ക്ക് ഉറപ്പാക്കുക എന്നീ ആശയങ്ങളിലൂടെ നിക്ഷേപകരുടെ മനം കവർന്നു. 2004 ൽ റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള ഇരിങ്ങാലക്കുട ക്രെഡിറ്റ് ലിമിറ്റഡായി ജവഹര്‍ വളര്‍ന്നു. ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയില്‍ വന്‍കിട കമ്പനികള്‍ കളം മുറുക്കുന്ന നോണ്‍ ബാങ്കിങ് ഫിനാന്‍സ് സെക്റ്ററിലേക്കു കടന്നു. ഐസിഎല്‍ ഫിൻ കോർപ് എന്ന പേരില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സ്ഥാപനം വളര്‍ന്നു പന്തലിച്ചു. തന്റെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അനില്‍ കുമാറിന് പഴയ തുടക്കക്കാരന്റെ മനസാണ്. ബാങ്കിങ് ഇതര ധനകാര്യ സേവനരംഗത്തു വന്‍ ലക്ഷ്യങ്ങളോടെ മുന്നേറുന്ന ഐസിഎല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണേന്ത്യയില്‍ നൂറു ശാഖകള്‍ തുറക്കുകയാണ്. 2020 ല്‍ 1000 ശാഖകളിലൂടെ ബിസിനസ് 5000 കോടി രൂപയിലെത്തിക്കാനാണ് പദ്ധതി. മൊത്തം ബിസിനസിന്റെ 60 ശതമാനം സ്വര്‍ണപ്പണയ വായ്പ രംഗത്തു നിന്നും ബാക്കി ബിസിനസ് വായ്പ, ഹയര്‍ പര്‍ച്ചേസ്, മണിട്രാന്‍സ്ഫര്‍, ഫോറെക്സ് എന്നിവയില്‍ നിന്നുമാണ്.
ആരോഗ്യ രംഗത്ത്
പുതിയ മേഖലകളിലേക്കു കടക്കുന്നതിന്റെ ഭാഗമായി ഐസിഎല്‍ ഹൈടെക് മെഡിക്കല്‍ ലാബ് വിത്ത് സൂപ്പര്‍മാര്‍ക്കറ്റ് എന്ന ഉന്നത നിലവാരമുള്ള രോഗനിർണയ കേന്ദ്രം മേയ് മാസത്തില്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും. ഒപ്പം ഉപകമ്പനിയായ ഐസിഎല്‍ ബില്‍ഡേഴ്സ് ലിമിറ്റഡ് ബജറ്റ് വില്ലകളുടെ നിർമാണത്തിലേക്കു കടക്കുകയാണ്. നിശ്ചിത കാലയളവില്‍ പ്രതിമാസ തവണകളിലൂടെ വീട് സ്വന്തമാക്കാന്‍ സാധാരണക്കാരെ സഹായിക്കുംവിധമുള്ള പദ്ധതിയാണിത്. ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സഞ്ചാര സേവനരംഗത്തും പ്രവര്‍ത്തനം സജീവം.
ഫാഷന്‍ മേഖലയില്‍
ഐസിഎല്‍ ഗ്രൂപ്പിന്റെ ഫാഷന്‍ രംഗത്തെ ആദ്യ കാല്‍വയ്പായ സ്നോ വ്യൂ ടെക്സ് കലക്ഷന്‍സ് പ്രൊഫഷണല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ ഫാക്റ്ററിയാണ്. സാരികള്‍ ഉൾപ്പെടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഡിസൈന്‍ ഇവിടെ തിരഞ്ഞെടുക്കാം. ആറു മാസത്തിനുള്ളില്‍ ലേഡീസ് ഇന്നര്‍വെയറുകള്‍ കമ്പനി പുറത്തിറക്കുകയാണ്. അതിന്റെ ഡിസൈനിങ്ങും ബ്രാന്‍ഡിങ്ങും അവസാനഘട്ടത്തിൽ. കേരളത്തിനു പുറത്തെ ഫാക്റ്ററിയിലാണ് നിർമാണം. കയറ്റുമതിക്ക് ഉതകുന്ന ഗുണമേന്മയിലും വിലക്കുറവിലും വിപണി പിടിക്കുകയാണു ലക്ഷ്യം.
ഭാര്യ ഉമ അനില്‍കുമാറാണ് ഐസിഎല്ലിന്റെ സിഇഒ. അമെരിക്കയില്‍ മെഡിസിന് വിദ്യാർഥിയായ മകന് അമല്‍ എ. മേനോനാണ് ആരോഗ്യ രംഗത്തേക്കുള്ള ചുവടുവയ്പ്പുകള്‍ക്ക് പിന്നില്‍. മകള്‍ കൃഷ്ണേന്ദു മേനോന് ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ്. കുടുബത്തിനൊപ്പം ചെലവിടുന്ന നിമിഷങ്ങളാണ് തൊഴിലിടം കഴിഞ്ഞാല്‍ തനിക്കേറ്റവും സന്തോഷം നല്കുന്ന സ്ഥലമെന്ന് അനില്‍ കുമാര്‍. ഇടപാടുകാരെ മുന്നില്‍ക്കണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മികവുറ്റ സേവനം, ജീവനക്കാര്‍ക്കു കൃത്യമായ പരിശീലനവും പ്രചോദനവും. ഇതാണ് ഐസിഎല്ലിനെ മുന്നോട്ടു നയിക്കുന്നത്. എല്ലാ വിധ പിന്തുണയും നല്കി ഒപ്പം നിൽക്കുന്ന ജനങ്ങളാണ് തങ്ങളുടെ ശക്തിയെന്ന് അനിലിന്റെ സാക്ഷ്യം.